സഊദിയില്‍ സ്‌കൂള്‍ ബസുകളുടെ കാലാവധി 10 വര്‍ഷമായി കുറച്ചു

malayalampress
1 Min Read

റിയാദ്: സഊദിയില്‍ സ്കൂൾ ബസുകളുടെ  പരമാവധി കാലാവധി 10 വര്‍ഷമായി കുറച്ചു. നിര്‍മ്മാണ വര്‍ഷം മുതലാണ് 10 വർഷം കണക്കാക്കുന്നത്. നേരത്തെ 12 വർഷംവരെ കാലാവധി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിയമാവലിയില്‍ വരുത്തിയ ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുല്‍ഖുറയില്‍ പ്രസിദ്ധീകരിച്ചു.

10 വര്‍ഷം കവിഞ്ഞതിന് ശേഷം ഓപ്പറേറ്റിംഗ് പെര്‍മിറ്റ് കൈവശമുള്ള ബസുകളുടെ പ്രവര്‍ത്തന ആയുസ്സ് നീട്ടാന്‍ ഭേദഗതികള്‍ അനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് 15 സീറ്റുകളില്‍ കൂടുതലുള്ള ബസുകളുടെ പരമാവധി ആയുസ്സ് നിര്‍മ്മാണ വര്‍ഷം മുതല്‍ 15 വര്‍ഷവും 15ഉം അതില്‍ കുറവും സീറ്റുകളുള്ള ബസുകളുടെ പരമാവധി ആയുസ്സ് 12 വര്‍ഷവുമായിരിക്കും.

പ്രവര്‍ത്തന ആയുസ്സ് നീട്ടിക്കിട്ടുന്നതിന്, ബസ് 10 വര്‍ഷം കവിയുന്ന തീയതി മുതല്‍ ഓരോ ആറ് മാസത്തിലും ഫഹസ് പാസാകണമെന്ന് വ്യവസ്ഥയുണ്ട്. നിശ്ചിത പ്രവര്‍ത്തന ആയുസ്സ് കവിയാത്ത ബസുകളുടെ ഓപ്പറേറ്റിംഗ് പെര്‍മിറ്റിന് ഒരു വര്‍ഷവും ആയുസ്സ് നീട്ടിയ ബസുകളുടെ ഓപ്പറേറ്റിംഗ് പെര്‍മിറ്റിന് ആറ് മാസവും സാധുതയുണ്ടാകുമെന്നും ഭേദഗതികള്‍ വ്യവസ്ഥ ചെയ്യുന്നു.

അതിനിടെ, ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്ന ടാക്‌സി, സ്വകാര്യ റെന്റ് എ കാറുകളുടെ പ്രവര്‍ത്തന ആയുസ്സ് 2027 ജൂണ്‍ 30 വരെ നീട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. രാജ്യത്ത് ട്രക്കുകളുടെ അനുവദനീയമായ പ്രവര്‍ത്തന ആയുസ്സ് 22 വര്‍ഷമായി ഉയര്‍ത്തി കഴിഞ്ഞ മാര്‍ച്ചില്‍ ഗതാഗത മന്ത്രാലയം സമാനമായ തീരുമാനം പുറപ്പെടുവിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!