തെഹ്റാൻ: തെക്കൻ ഇറാനിലെ ഖശം ദ്വീപിൽ രണ്ട് മിസൈലുകൾ പതിച്ചതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനിടെ യു.എസ് സേനയുടെ ഡ്രോൺ ഇറാൻ വെടിവിച്ചിട്ടതായും റിപ്പോർട്ടുണ്ട്.
ദ്വീപിലെ സൂസ പ്രദേശത്ത് രണ്ട് പ്രൊജക്ടൈലുകൾ പതിച്ചതായി പ്രാദേശികവാസികളെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദ്വീപിന് മുകളിലൂടെ വിമാനം പറക്കുന്ന ശബ്ദം കേട്ടതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ‘തസ്നീം’ അറിയിച്ചു.
അതേസമയം, മേഖലയിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങൾ പുനർനിർമിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. നിലവിലെ സംഘർഷത്തിനിടെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു.
ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്റാമിനിയയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലെ 228 ലധികം കേന്ദ്രങ്ങൾക്കും സൗകര്യങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ അവ തകർക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തത്.
മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളൊന്നും നിലവിൽ സൈനിക പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള നിലയിലല്ലെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. ഇതോടെ അമേരിക്കൻ സൈനികർക്ക് തങ്ങളുടെ കപ്പലുകൾക്കാവശ്യമായ ഇന്ധനവും സൈനികർക്കുള്ള മറ്റ് അവശ്യസാധനങ്ങളും മേഖലക്ക് പുറത്തുനിന്ന് എത്തിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘മേഖലയിലെ ശത്രുവിന്റെ സൈനിക താവളങ്ങൾ പുനർനിർമിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല’ -അക്റാമിനിയ മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
