ഗൾഫിലെ പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾക്ക് വീണ്ടും തടസ്സം: യാത്രക്കാർ ശ്രദ്ധിക്കുക

News Desk
1 Min Read

ദുബായ്: യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾക്ക് വീണ്ടും തടസ്സം. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് ഇന്ന് പുറപ്പെടേണ്ട ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.

അതേസമയം, ഇമിറേറ്റ്സ്, ഇത്തിഹാദ് കമ്പനികളുടെ ഭൂരിഭാഗം സർവീസുകളും തടസ്സമില്ലാതെ തുടരുന്നുണ്ടെങ്കിലും ചില വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്. എന്നാൽ, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെങ്കിലും സാങ്കേതികവും പ്രവർത്തനപരവുമായ മറ്റ് കാരണങ്ങളാലും സർവീസുകളിൽ മാറ്റം വരാമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി യാത്രക്കാർ അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ വഴി വിമാനത്തിന്റെ സമയക്രമം ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകി.

പ്രതിസന്ധികൾക്ക് ശേഷം യുഎഇ വ്യോമയാന മേഖല സർവീസുകളുടെ ശേഷി ക്രമേണ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) വിമാന സർവീസുകൾ മുൻപത്തേക്കാൾ 84 ശതമാനത്തോളം സാധാരണ നിലയിലായതായി അധികൃതർ വ്യക്തമാക്കുന്നു. വർഷാവസാനത്തോടെ നെറ്റ്‌വർക്ക് പൂർണമായും സജ്ജമാക്കാൻ കഴിയുമെന്നാണ് ഫ്ലൈദുബായ് പ്രതീക്ഷിക്കുന്നത്. എന്നാൽ, രാജ്യാന്തര തലത്തിലുള്ള യാത്രാ നിർദേശങ്ങളും സുരക്ഷാ വിലയിരുത്തലുകളും സർവീസുകൾ പൂർണമായി പഴയപടി ആകാൻ കാലതാമസം വരുത്തുന്നുണ്ട്.

ബ്രിട്ടിഷ് എയർവേസ് നവംബർ ആദ്യ വാരത്തോടെയും വിസ് എയർ ഒക്ടോബർ അവസാനത്തോടെയും ദുബായിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നു. അതേസമയം ലുഫ്ത്താൻസ, സിംഗപ്പൂർ എയർലൈൻസ്, കെഎൽഎം ഉൾപ്പെടെയുള്ള ഒട്ടേറെ രാജ്യാന്തര എയർലൈനുകൾ ഒക്ടോബർ അവസാന വാരം വരെയും വിർജിൻ അറ്റ്ലാന്റിക് ഉൾപ്പെടെയുള്ളവ അതിനുശേഷവും ദുബായിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!