ഹൈദരാബാദ്: ഗര്‍ഭിണിയായ സഹോദരിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരന്.
തെലങ്കാനയിലെ യൂട്യൂബറായ സി വൈഷ്ണവിയുടെ ഭര്‍ത്താവ് ഹരിബാബുവാണ് (26) പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവൈഷ്ണവിയുടെ 19-കാരനായ സഹോദരന് ജി സന്തോഷ് സെല്‍ഫി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ടു.
ഭാര്യയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹരിബാബു വ്യാഴാഴ്ച വൈകുന്നേരം നിസാമാബാദിലെ ശിവാജിനഗറിലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് പാനിപൂരിയും ചോളവും വില്‍ക്കുകയായിരുന്ന ഹരിബാബു റോഡരികിലെ കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്നു. ഒരു സംഘത്തോടൊപ്പം കാറിലെത്തിയ സന്തോഷ് കൊടുവാളുകൊണ്ട് ഹരിബാബുവിന്റെ കഴുത്തിലും തലയിലും തുരുതുരെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചശേഷം ഒളിവില്‍പോയ സന്തോഷ് അര്‍ധരാത്രിയോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ സെല്‍ഫി വിഡിയോ പുറത്തുവിട്ടത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.
താന്‍ ഹരിബാബുവിനെ കൊന്നതായും തന്റെ സഹോദരിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. നീതിക്കായി മാസങ്ങളോളം കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിനാലാണ് പ്രതികാരം ചെയ്തത്. ആര്‍ക്കും ഇനി തന്റെ സഹോദരിയുടെ അനുഭവം ഉണ്ടാകരുത്. താന്‍ പോലീസില്‍ കീഴടങ്ങുകയാണെന്നും സന്തോഷ് വിഡിയോയില്‍ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
