വാഷിംഗ്ടൺ: ഇറാനിൽ നിന്ന് മിസൈൽ–ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്‍മാർ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി യുഎസ് സർക്കാർ. യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പുണ്യ നഗരമായ മക്കയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം ഗള്‍ഫിൽ ആശങ്കയ്ക്ക് ഇടയാക്കി. മക്കയെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടെന്നാണ് സഊദി വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചു. പുണ്യനഗരത്തെ ലക്ഷ്യം വെച്ചിട്ടില്ലെന്നും സൗദിയിലെ ഓയിൽ, സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നുമാണ് ഹൂതികള്‍ പറയുന്നത്. മക്കയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി അപലപിച്ചു.
ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ ഹൂതി ഭീഷണികൾ ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസപ്പെടുത്തിയേക്കാമെന്നാണ് സഊദി നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, ചർച്ചകള്‍ക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ചൈനയിലെത്തി. ചർച്ചൾ പുനരാരംഭിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇസ്ലാമാദ് ധാരണാപത്രം അംഗീകരിച്ച് ചർച്ചകളിലേക്ക് മടങ്ങാൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം അവസാനം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചൈനയുടെ നയതന്ത്ര നീക്കമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ചെങ്കടലിലെ യാൻബൂ തുറമുഖം വഴിയുള്ള ക്രൂഡോയിൽ കയറ്റുമതി സഊദി പൂർണമായും നിർത്തിവെച്ചു. ഹൂതി ആക്രമണ ഭീതിയെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം യെമനിലെ തായിസ് ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗദി അറേബ്യയും യെമനീസ് സർക്കാർ സേനയും ആക്രമിച്ചതായി ഹൂതി വിദ്യാഭ്യാസ മന്ത്രാലയം ആരോപിച്ചിരുന്നു. സ്‌കൂളുകൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ക്രിമിനൽ പ്രവൃത്തിയുമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഹൂതികളുമായി ബന്ധമുള്ള അൽ മസീറ ടെലിവിഷൻ ചാനലാണ് ഹൂതികളുടെ പ്രസ്താവന പുറത്തുവിട്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
