ന്യൂഡൽഹി: ഹിന്ദി അറിയില്ലെങ്കിൽ മലയാളി എംഎൽഎമാരെ പഠിപ്പിക്കാമെന്ന് വെല്ലുവിളിച്ച് ഉത്തർപ്രദേശിലെ എംഎൽഎ. രാജ്യത്തെ വനിതാ നിയമസഭാംഗങ്ങളെ പരിശീലിപ്പിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ദേശീയ വനിതാ കമ്മിഷന്റെ പരിശീലന പരിപാടിയിലാണ് ഹിന്ദിയെച്ചൊല്ലി വാഗ്വാദമുണ്ടായത്.
ഇതോടെ ദേശീയ വനിതാ കമ്മിഷന്റെ ദ്വിദിന പരിശീലന പരിപാടിയിൽനിന്ന് കേരള അംഗങ്ങൾ ഇറങ്ങിപ്പോയി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമായി 390ലേറെ എംഎൽഎമാർ പങ്കെടുത്ത പരിപാടിയിൽ ഹിന്ദി മാത്രം ആശയവിനിയമത്തിനുള്ള മാധ്യമമാക്കിയത് കേരളത്തിലെ എംഎൽഎമാർ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദിയിൽതന്നെ ചർച്ചകൾ നടക്കുമെന്നും ഉത്തരേന്ത്യയിലെ എംഎൽഎമാർ വിളിച്ചു പറഞ്ഞുവെന്നും പിന്നീട് പരിശീലന ഹാളിൽ ജയ്ശ്രീ രാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ഇത്രയേറെ പ്രതിഷേധങ്ങൾ തുടരുമ്പോഴും ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്‌സൻ വിജയ രഹത്കർ നിശബ്ദത പാലിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ദേശീയതലത്തിലുള്ള പരിപാടിയിൽ എല്ലാ സംസ്ഥാനക്കാരെയും പരിഗണിച്ചൊരു മൊഡ്യൂൾ തയാറാക്കാൻ ദേശീയ വനിതാ കമ്മിഷൻ തയാറാകാത്തതിൽ നിരാശയുണ്ടെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. ഹിന്ദി എന്ന ഭാഷയല്ല പ്രശ്നം മറിച്ച് ദേശീയതലത്തിൽ എല്ലാ എംഎൽഎമാരെയും ഉൾക്കൊള്ളാനുള്ള നടപടി കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
നേതൃത്വപാടവം, നിയമനിർമാണ പ്രവർത്തനം, പൊതുനയം, ലിംഗസമത്വം എന്നിവയിലൂന്നിയ ക്ലാസുകൾക്ക് പുറമേ ജനപ്രതിനിധികൾക്ക് അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും രണ്ടുദിന പരിപാടിയിലുണ്ടായിരുന്നു. ഫരീദാബാദിൽ നടന്ന പരിപാടിയിൽ കേരളത്തിൽനിന്നും എംഎൽഎമാരായ ഉഷാ വിജയൻ, കെ.കെ.രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ലോക്‌സഭാ സ്പീക്കർ ഓം ബിർലയായിരുന്നു ഉദ്ഘാടകൻ. ഹിന്ദി ഭാഷാ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇതിനു മുൻപും പഴികേട്ടിട്ടുണ്ട്. ഡൽഹിയിൽ ഉൾപ്പെടെ നടക്കുന്ന പത്രസമ്മേളനങ്ങളിൽ ചെയർപഴ്‌സൻ വിജയ രഹത്കർ ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പ്രതികരിക്കുന്നില്ലെന്ന പരാതി പതിവാണ്. വീഡിയോ കാണാം 👇.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
