ദൃശ്യംകാൺപൂർ: മാർക്കറ്റിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത വ്യാപാരിയെ നാലംഗസംഘം മർദിച്ചുകൊന്നു. അമിത് ഗുപ്തയെന്ന ഓട്ടോ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അമിത് ഗുപ്ത മരണപ്പെട്ടത്.
മാർക്കറ്റിന് സമീപം നാലംഗ സംഘം മൂത്രമൊഴിക്കുന്നതുകണ്ട യുവാവ് അവരെ ചോദ്യം ചെയ്തു. പരിസരത്ത് വീടുകളുള്ളതിനാൽ അവിടെ മൂത്രമൊഴിക്കുന്നത് ശരിയല്ലെന്ന് അയാൾ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം നടുറോഡിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുപ്ത നിമിഷങ്ങൾക്കകം ബോധരഹിതനായി വീണു. ഇതിനുപിന്നാലെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങളാണ് ഗുപ്തയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസം ചികിത്സയിൽ കഴിഞ്ഞതിനുശേഷമാണ് അയാൾ മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ ശേഷം മാത്രമേ വേണ്ട നടപടികൾ സ്വീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ അറസ്റ് ചെയ്യാൻ വൈകുന്നതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പരാതി നൽകിയ വൈരാഗ്യത്തിൽ പ്രതികൾ തങ്ങളെ ആക്രമിക്കുമെന്ന് ഭയമുണ്ടെന്നും എത്രയും പെട്ടെന്ന് അവരെ അറസ്റ്റ് ചെയ്യണമെന്നും ഗുപ്തയുടെ ഭാര്യ ശാലിനി പറയുന്നു. പിതാവിന്റെ മരണത്തിന് പിന്നാലെ കുട്ടികൾ ഭയന്നിരിക്കുകയാണെന്നും ആക്രമണം നടന്ന സ്ഥലത്തുകൂടി എല്ലാദിവസവും സഞ്ചരിക്കേണ്ടതിനാൽ പരാതി നൽകാൻ പോലും ഭയപ്പെട്ടിരുന്നെന്നും അവർ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
