മലപ്പുറം കോഴിക്കോട് സ്വദേശികളായ പ്രവാസി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു

malayalampress
1 Min Read

മസ്കത്ത്: ഒമാനിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പ്രവാസി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിലെ മസ്കത്ത് റൂവി ഹംരിയയിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), റൂവിയിൽ മലപ്പുറം സ്വദേശി ശരത് (29) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രവാസി ഫുട്ബാൾ താരങ്ങളാണ്.

കല്ലായി ചക്കുംകടവ് ചുള്ളിക്കാട് പറമ്പ് ഹാജറ മൻസിലിൽ മുഹമ്മദ് ജാഫർ- ഫാത്തിമാബി ദമ്പതികളുടെ മകൻ മുഹമ്മദ് ജനീഷ് ബാബു. മുമ്പ് മബേലയിൽ ചോക്ളേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാലു മാസം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ താൽക്കാലിക വിസയിൽ തിരികെയെത്തി വീണ്ടും ജോലിക്കുള്ള ശ്രമത്തിലായിരുന്നു.

വാദി കബീറിലായിരുന്നു താമസം. ആഗസ്റ്റ് 31ന് ഇവിടത്തെ റൂം ഒഴിഞ്ഞ് ബാഗുമെടുത്ത് പോയ ജനീഷിനെ ഹംരിയ ഭാഗത്തെ കെട്ടിടത്തിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിൽ പാസ്​പോർട്ട് കണ്ടെത്താനാവാത്തതിനാൽ ആർ.ഒ.പി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച റൂവിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെരിന്തൽമണ്ണ കുന്നക്കാവ് കാദർതൊടി ഹൗസിൽ ഗോവിന്ദൻ- പത്മിനി ദമ്പതികളുടെ മകൻ ശരത്തിന്റെ മരണാനന്തര നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മസ്കത്ത് കെ.എം.സി.സി കെയർ വിങ്ങ് ടീം ആർ.ഒ.പിയുമായി ബന്ധപ്പെടുന്നതിനിടെയാണ് വ്യാഴാഴ്ച മരണപ്പെട്ടയാളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.

തുടർന്ന് കെയർ വിങ് ടീം നടത്തിയ അന്വേഷണത്തിൽ ജനീഷ് മുമ്പ് ജോലി ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ആളെ തിരിച്ചറിയുകയുമായിരുന്നു. മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ തുടർ നടപടികൾക്ക് ശേഷം രണ്ടു മൃതദേഹങ്ങളും നാട്ടിലേക്കയച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!