‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി

News Desk
1 Min Read

ഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതൊരു തുടക്കം മാത്രമാണെന്നും നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പാണിതെന്നും രാഹുൽ‌ ​ഗാന്ധി പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

യുവാക്കൾക്ക് എതിരെ അന്യായം നടന്നുവെന്ന് വ്യക്തമാണ്. രാജ്യ തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ പോലും ന്യായം ലഭിച്ചില്ല. തെറ്റായതൊന്നും തങ്ങൾ ചെയ്തില്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തെ ഒരു വിദ്യാർഥിക്കും വിദ്യാർഥിയുടെ മാതാവിനും വേണ്ടിയാണ് തങ്ങൾ ഇവിടെ എത്തിയത്. എഫ്ഐആർ ഇടാനുള്ള അവസാന അനുമതി നൽകിയത് ആഭ്യന്തര സെക്രട്ടറിയും അമിത് ഷായുമാണ്. പാവപ്പെട്ട പൊലീസുകാർ എഫ്ഐആർ ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താൻ ശ്രമമുണ്ടായെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു.

ജന്തർ മന്ദിറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഗുരുതര പരിക്കേറ്റ സാഹിൽ ലോച്ചബിനെയും ഒപ്പം കൂട്ടിയാണ് രാഹുൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഡിസിപിയോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല. ഇതോടെ എഫ്.ഐ.ആർ ഇടാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

രാഹുലിന്റെ ധർണയ്ക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് എത്തി. പ്രതിഷേധം അഞ്ചര മണിക്കൂർ പിന്നിട്ടതോടെയാണ് രാഹുൽ ഗാന്ധിയുടെ സമരത്തിന് മുന്നിൽ പൊലീസ് മുട്ടുമടക്കിയത് . പൊലീസ് അതിക്രമത്തിൽ കാഴ്ച നഷ്ടപ്പെട്ട സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ ഒടുവിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article