ദുബായ് / വാഷിങ്ടൻ: സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബാംഗങ്ങൾ, ഡോക്ടർമാർ, അധികൃതർ എന്നിവരുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതായും എംബസി സമൂഹമാധ്യമത്തിൽ കുറിച്ചു.
ആക്രമണത്തിനു പിന്നാലെ, ഫ്ലൈദുബായ് വിമാനം അടിയന്തരമായി നിലത്തിറക്കിയ സൗദിയിലെ തബൂക്ക് നഗരത്തിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിച്ചത്. പിറ്റേന്നുതന്നെ യുഎഇയിലേക്കു മാറ്റിയിരുന്നു.
ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ ആക്രമിച്ച സംഭവത്തിൽ ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ, ഇറാൻ ബന്ധം സംബന്ധിച്ചു കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
വിമാനംപറത്തൽ പരിശീലനം പൂർത്തീകരിക്കാനായി 7 വർഷം മുൻപ് ഒമാൻ പൗരനായ സഹപൈലറ്റ് ന്യൂസീലൻഡിൽ 6 മാസം താമസിച്ചതായി പൊലീസ് പറഞ്ഞു. യുകെ ആസ്ഥാനമായ വിമാനക്കമ്പനിക്കുവേണ്ടിയായിരുന്നു ഇത്. 2018 നവംബറിനും 2019 മേയ് മാസത്തിനും ഇടയിൽ വിദ്യാർഥിവീസയിലാണു ന്യൂസീലൻഡിലെത്തിയത്. ഇയാളുടെ ഓസ്ട്രേലിയ ബന്ധവും അവിടത്തെ ഭീകരവിരുദ്ധ ഏജൻസി അന്വേഷിക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
