ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ടിക്ടോക്ക് താരം ഷംസോ ബിബി (ആയിഷ ഗിലാമാന) വെടിയേറ്റു മരിച്ചു. 28കാരിയായ ഷംസോയെ ഓഗസ്റ്റ് 14-ന് ടാക്സിലയിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വെടിവച്ച് കൊല്ലുകയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ ഭീഷണികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
സംഭവത്തിൽ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാഷിഫ് എന്നയാൾ ബിബിയെ ഫോൺ വിളിച്ച്, അവളോട് പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെ ബിബി സഹോദരിയ്ക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടു. അവർ മാർക്കറ്റിനു സമീപം എത്തിയപ്പോൾ, ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വാഹനം തടഞ്ഞു വെടിയുതിർക്കുകയായിരുന്നു. ബിബിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിബി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവത്തിനിടെ കാർ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ബിബിയുടെ സഹോദരിക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് നാലു വർഷമായി ഷംസോ ടിക്‌ടോക്കിൽ സജീവമായിരുന്നു, അവൾക്ക് ഏകദേശം 1.3 മില്യൻ ഫോളോവേഴ്സുണ്ട്. രണ്ട് പുരുഷന്മാർ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് അവളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവരാകാം കൊലപാതകത്തിന് പിന്നിലെന്നു സംശയമുണ്ടെന്നും പിതാവ് പരാതിയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
