സഊദി അറേബ്യ വൻ ആക്രമണ ശേഷിയുള്ള ഡ്രോൺ നിമ്മാണത്തിന്; ‘സ്കൈ വാസ്പ്’ ഡ്രോൺ ഇനി ഗതിമാറ്റും

malayalampress
2 Min Read

റിയാദ്: മേഖലയിലെ യുദ്ധ സാഹചര്യത്തിനിടെ വൻ ആക്രമണ ശേഷിയുള്ള ഡ്രോണുമായി സഊദി അറേബ്യ. ദീർഘദൂര ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്, സഊദി അറേബ്യയിലെ ‘SR2’ എന്ന കമ്പനി അമേരിക്കൻ കമ്പനിയായ ‘വിക്ടർ’ കമ്പനിയുമായി ചേർന്ന് റിയാദിൽ വെച്ച് ബോംബാക്രമണ ഡ്രോണുകൾ നിർമ്മിക്കുന്നത്. 

1,100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള സ്കൈ വാസ്പ് ഡ്രോൺയുദ്ധ മേഖലയിൽ നിലവിലുള്ള ഏറ്റവും നൂതനമായ ഡ്രോൺ ആയിരിക്കും. ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് 1,100 കിലോമീറ്റർ വരെ ദൂരം പിന്നിടാൻ ഇതിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തെ (ജിപിഎസ്) ആശ്രയിക്കാതെ തന്നെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാൻ സഹായിക്കുന്ന സ്വയം നിയന്ത്രണം സാധ്യമാകുന്ന നാവിഗേഷൻ സംവിധാനം ഇതിലുണ്ടാകും. 50 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ കഴിവുള്ള ഈ ഡ്രോണിന് ദൗത്യത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഇതിലെ സ്ഫോടകവസ്തു മാറ്റാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.

പലതരം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഒരു പൾസ്ഡ് ജെറ്റ് എൻജിനായിരിക്കും ഇതിനുള്ളത്. കരയിൽ നിന്ന് എളുപ്പപത്തിൽ വിക്ഷേപിക്കാൻ സാധിക്കുന്ന ഈ ഡ്രോണിന്റെ സഞ്ചാര വേഗത മണിക്കൂറിൽ ഏകദേശം 380 കിലോമീറ്ററാണ്. നിർമ്മാണ പ്രക്രിയ ലളിതമാക്കാനും വൻതോതിലുള്ള ഉൽപ്പാദനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്.

ആഗോളതലത്തിൽ ദീർഘദൂര ആക്രമണ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സഊദിയുടെ ഡ്രോൺ നിർമ്മാണത്തിന് ഏറെ സാധ്യതകളാണുള്ളത്. നിലവിൽ ഇറാനിയൻ ‘ഷാഹിദ്‘ ഡ്രോൺ, ഇതിന്റെ റഷ്യൻ പതിപ്പായ ‘ഗെറാൻ’ (Geran) ഡ്രോൺ എന്നിവയാണ് ലോകത്ത് ഏറെ പേര് കേട്ട ഡ്രോണുകൾ. ഇവയ്ക്കുള്ള മറുപടിയായാണ് ‘ബോംബാർഡ്’ ഡ്രോണിനെ വികസിപ്പിക്കുന്നതെന്ന് ‘വിക്ടർ’ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി യാകുലിസ് പറഞ്ഞു.

ഇറാന്റെ ഷാഹിദ് ഡ്രോണിന് 1,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അഞ്ച് മണിക്കൂറിലധികം സമയം ആവശ്യമാണ്. എന്നാൽ, സ്കൈ വാസ്പ് ഡ്രോണിന് ഇതിന്റെ പകുതിയിൽ താഴെ സമയം മതി. ഇത്ര വേഗത്തിൽ ഡ്രോണുകൾ എത്തുമ്പോൾ പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുന്ന സമയം കുറവായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരീക്ഷണ, സാങ്കേതിക പരിശോധനയിലിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണ പറക്കൽ നടന്നതായി കമ്പനി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!