ബുക്ക് ചെയ്തത് 9.5 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായ് ഓറ ; 13 ലക്ഷം വിലയുടെ ബ്രസ്സ് തന്നെ വേണമെന്ന് വാശി ; 30 ലക്ഷം മുടക്കിയ വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി…!

malayalampress
2 Min Read
ചണ്ഡീഗഡ്: മാരുതി ബ്രെസ്സ കാര്‍ ആവശ്യപ്പെട്ടുള്ള സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത് വന്‍ വിവാദമാകുന്നു. ഹരിയാനയിലെ സോനിപത്തില്‍ നടന്ന സംഭവത്തില്‍ വരന്‍ കല്യാണവേദിയഇല്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങുകയും വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തുകയും ചെയ്തു. വരനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. വിവാഹ ഒരുക്കങ്ങള്‍ക്കായി 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ തനിക്ക് ചെലവായതായി പിതാവ് അവകാശപ്പെടുന്നു. ആറ് മാസം മുമ്പാണ് സുഭാഷ് തന്റെ മകള്‍ ഹീനയുടെ വിവാഹം കുല്‍ദീപുമായി ഉറപ്പിച്ചത്. നവംബര്‍ 20-നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം ഉറപ്പിച്ചതിന് ശേഷം വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് കാറിനും സ്വര്‍ണ്ണാഭരണങ്ങള്‍ക്കുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നതായി പിതാവ് ആരോപിച്ചു.
വരനായി ഏകദേശം 9.5 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ താന്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതായി സുഭാഷ് പറയുന്നു. എന്നാല്‍, വിവാഹത്തിന്റെ തലേദിവസം ഈ വാഹനത്തില്‍ കുല്‍ദീപ് തൃപ്തനല്ലെന്നും പകരം മാരുതി ബ്രെസ്സയാണ് വേണ്ടതെന്നും ഇടനിലക്കാര്‍ വഴി അദ്ദേഹം അറിഞ്ഞു. ഇതേത്തുടര്‍ന്ന് കുടുംബം നേരത്തെയുള്ള ബുക്കിംഗ് റദ്ദാക്കുകയും ബ്രെസ്സയ്ക്കായി അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ വിവാഹം തൊട്ടടുത്തെത്തിയതിനാല്‍ സമയബന്ധിതമായി വാഹനം ഏര്‍പ്പാടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ആവശ്യപ്പെട്ട ബ്രെസ്സയ്ക്ക് ഏകദേശം 13 ലക്ഷം രൂപയോളം വിലവരുമെന്ന് പിതാവ് പറഞ്ഞു.
കാര്‍ മാത്രമായിരുന്നില്ല ഇവരുടെ ആവശ്യങ്ങള്‍. വരന് രണ്ട് പവന്റെ സ്വര്‍ണ്ണമാലയും, വരന്റെ അമ്മയ്ക്ക് നാല് പവന്റെ സ്വര്‍ണ്ണക്കമ്മലും വെള്ളിക്കൊലുസും നല്‍കാമെന്ന് തങ്ങളുടെ കുടുംബം സമ്മതിച്ചിരുന്നതായി സുഭാഷ് അവകാശപ്പെട്ടു. കൂടാതെ, വരന്റെ ജ്യേഷ്ഠനും ഭാര്യയ്ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെട്ടതായും, ഇതേത്തുടര്‍ന്ന് ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതായും അദ്ദേഹം ആരോപിച്ചു.
വിവാഹത്തിനായി ഫര്‍ണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു. ഫര്‍ണിച്ചറുകള്‍ക്ക് മാത്രം ഏകദേശം 1.32 ലക്ഷം രൂപ ചെലവായതായി പിതാവ് പറഞ്ഞു. വിവാഹദിനത്തില്‍ ഏകദേശം 1,200 അതിഥികള്‍ക്കുള്ള ഭക്ഷണമടക്കം വിപുലമായ ക്രമീകരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ മാംചന്ദ് വാടികയില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, വിവാഹഘോഷയാത്രയോടെ എത്തുന്നതിന് പകരം കുല്‍ദീപും അമ്മയും സാധാരണ വസ്ത്രം ധരിച്ച് വേദിയിലെത്തുകയും ബ്രെസ്സ കാറിനായി അന്വേഷിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വാഹനം കാണാതായതോടെ ഇരു കുടുംബങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വരന്‍ തങ്ങളുടെ കുടുംബാംഗങ്ങളെ അസഭ്യം പറഞ്ഞതായും ഹീനയുടെ സഹോദരന്‍ സാഹിലുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും സുഭാഷ് ആരോപിച്ചു. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധുക്കള്‍ പലതവണ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കുല്‍ദീപും അമ്മയും വഴങ്ങാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാഹവേഷത്തില്‍ മണ്ഡപത്തിലിരുന്ന വധു, ഒരിക്കലും തിരിച്ചുവരാത്ത വരനെ കാത്തിരുന്നു. വരന്റെ ഭാഗത്തുനിന്ന് ഏകദേശം 20-30 പേര്‍ മാത്രമാണ് വേദിയില്‍ എത്തിയിരുന്നതെന്നും പിതാവ് അവകാശപ്പെട്ടു. വരന്‍ മടങ്ങിപ്പോയതിന് പിന്നാലെ വധുവിന്റെ ഭാഗത്തുനിന്നുള്ള നിരവധി അതിഥികളും ഭക്ഷണം കഴിക്കാതെ മടങ്ങിയത് കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടത്തിനും അപമാനത്തിനും കാരണമായി. സംഭവത്തെത്തുടര്‍ന്ന് ഇരുപക്ഷവും ഡയല്‍ 112 വഴി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സുഭാഷ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയും കുല്‍ദീപിനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഹീനയ്ക്ക് എം.എ, ജെ.ബി.ടി യോഗ്യതകളുണ്ടെന്നും തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള എല്ലാ വിവാഹ ക്രമീകരണങ്ങളും കുടുംബം ചെയ്തിരുന്നതായും പിതാവ് പറഞ്ഞു. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയും അദ്ദേഹം ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!