റാസൽഖൈമ ബസ് അപകടം: ബസ് മലയാളിയുടെ ഉടമസ്ഥലയിലുള്ളത്; മരിച്ചവരിൽ ബഹുഭൂരിഭാഗവും പേർ മലയാളികളെന്ന് റിപ്പോർട്ട്

malayalampress
1 Min Read
  • മരിച്ച 13 പേരിൽ ഇന്ത്യക്കാരുംമെന്ന് സ്ഥിരീകരിച്ച്​ കോൺസുലേറ്റ്​

ദുബൈ: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളികളും. അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 11 പേർ മലയാളികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഇതിനുപുറമെ ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒമാനിൽ വിസ പുതുക്കുന്നതിനായി പോയി മടങ്ങുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള യാത്രാബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും നേതൃത്വം നൽകി. അപകടസ്ഥലം സുരക്ഷിതമാക്കിയ അധികൃതർ മേഖലയിലെ ഗതാഗതം നിയന്ത്രിച്ചു.

റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ മസാഫി-ശൗക്ക-കദ്റ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അല്‍വതന്‍ റോഡിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, തകരാറിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക്​ പരിക്കേൽക്കുകയായിരുന്നു.

റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ ദുബൈ കോൺസുലേറ്റ്​ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്.

ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പം അനുശോചനവും പ്രാർഥനകളുമുണ്ടായിരിക്കുമെന്നും കോൺസുലേറ്റ്​ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട്​ 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ്​ പങ്കുവെച്ചിട്ടുണ്ട്​

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!