റിയാദ് — അസുഖ അവധി (സിക്ക് ലീവ്) സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആരോഗ്യ മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു. പരിശോധനാ കാമ്പെയ്നിന്റെ ഭാഗമായി, സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലായി മന്ത്രാലയ ഉദ്യോഗസ്ഥർ 1,817 സന്ദർശനങ്ങൾ നടത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ പരിശോധനയിൽ, നിയമപരമായി നൽകപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കേണ്ട 116,131 അസുഖ അവധി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി.
ഒരു ദിവസം ഒരാൾ മാത്രം നൽകിയത് സിക്ക് 259 ലീവുകൾ
നിയമലംഘനങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ചില പ്രത്യേക രീതികൾ ഈ നിരീക്ഷണ പ്രക്രിയയിലൂടെ വെളിപ്പെട്ടു. ഒരു ആരോഗ്യ കേന്ദ്രം മാത്രം 70,753 സർട്ടിഫിക്കറ്റുകളും, ഒരു ആരോഗ്യ പ്രവർത്തകൻ മാത്രം 9,584 സർട്ടിഫിക്കറ്റുകളും നൽകിയതാണ് ഇതിൽ പ്രധാനപ്പെട്ടവ. കൂടാതെ, ഒരു ദിവസം ഒരാൾ മാത്രം 259 സിക്ക്ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയതായും, ചട്ടങ്ങൾ പാലിക്കാത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് 46,279 സർട്ടിഫിക്കറ്റുകൾ നൽകപ്പെട്ടതായും കണ്ടെത്തി. തുടർന്ന്, പരിശോധനാ സംഘങ്ങൾ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അനുവദനീയമായതിലും കൂടുതൽ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നേടാൻ ശ്രമിച്ചവർ, ലൈസൻസില്ലാത്ത ഉറവിടങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയവർ, ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സ്ഥാപനങ്ങൾ എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ലൈസൻസുകൾ ,അനുമതികൾ റദ്ദാക്കുക, കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുക തുടങ്ങിയ നടപടികളിലേക്ക് അധികൃതർ പ്രവേശിച്ചു.
ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക, അസുഖ അവധി സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത നിലനിർത്തുക, ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം പരിശോധനാ കാമ്പെയ്ൻ നടത്തിയത്. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രൊഫഷണലിസം ഉണ്ടായിരിക്കേണ്ടതിന്റെയും, ബാധകമായ നിർദ്ദേശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
