15 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ബിൽ റദ്ദാക്കി

News Desk
2 Min Read

പാരിസ്: പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ റദ്ദാക്കി ഫ്രാൻസിലെ പരമോന്നത ഭരണഘടനാ കോടതി. ഈ നിയമം അമിതമായ നിയന്ത്രണമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ അനുപാതമില്ലാത്ത രീതിയിൽ ലംഘിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

15 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായി വിലക്കുന്നത് അഭിപ്രായപ്രകടനത്തിന്റെയും ആശയവിനിമയത്തിന്റെയും സ്വാതന്ത്ര്യത്തെ ലംഘിക്കുമെന്നും ഭരണഘടനാ കൗൺസിൽ വിധിച്ചു. ഓരോ കുട്ടിയുടെയും വ്യക്തിഗത സാഹചര്യങ്ങളും ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെയും പ്രത്യേക അപകടസാധ്യതകളും പരിഗണിക്കാത്ത നിലയിലാണ് നിയമത്തിൻ്റെ വ്യാപ്തിയെന്നും ഇത് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തുന്നതുമാണെന്നും കൗൺസിൽ വ്യക്തമാക്കി.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള നിയമപ്രമേയത്തിന് കഴിഞ്ഞ മാസം ഫ്രഞ്ച് പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ സോഷ്യൽ മീഡിയയ്ക്ക് ഇത്തരമൊരു പ്രായപരിധി ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാകുമായിരുന്നു ഫ്രാൻസ്. എന്നാൽ ഫ്രാൻസിൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് ഭരണഘടനാ കൗൺസിൽ പരിശോധിക്കുന്നതാണ് പതിവ്.

കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം ന്യായമാണെന്ന് കോടതി അംഗീകരിച്ചെങ്കിലും, ആ ലക്ഷ്യം കൈവരിക്കുന്നതിനായി നിയമപ്രമേയം സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ അനുയോജ്യവും അനിവാര്യവും ആനുപാതികവുമല്ലെന്ന് വിധിയിൽ വ്യക്തമാക്കി.

വിധിക്ക് പിന്നാലെ ഈ നിരോധനം നടപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് നിയമപ്രമേയം എത്രയും വേഗം ഭേദഗതി ചെയ്യാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവിന് നിർദേശം നൽകിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന് മുമ്പ് ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് മാക്രോൺ സർക്കാർ പാർലമെന്റിലെ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നത്.

കുട്ടികൾക്കായുള്ള സോഷ്യൽ മീഡിയ പ്രായപരിധി സംബന്ധിച്ച ചർച്ച ലോകമെമ്പാടും ശക്തമാകുന്ന സാഹചര്യത്തിലാണ് ഫ്രാൻസിലെ ഈ വിധി. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ മാതൃക പിന്തുടരണമോയെന്ന കാര്യത്തിലാണ് വിവിധ രാജ്യങ്ങൾ ആലോചിക്കുന്നത്. ബ്രിട്ടീഷ് സർക്കാർ ജൂണിൽ സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ക്രിസ്മസിന് മുമ്പ് അതുസംബന്ധിച്ച പ്രമേയത്തിൽ പാർലമെന്റ് വോട്ടെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷ. സ്പെയ്ൻ, ഗ്രീസ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളും സോഷ്യൽ മീഡിയയ്ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനുള്ള നീക്കത്തിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article