കോണ്‍ഗ്രസ് നേതാവിന്‍റെ കാല്‍കഴുകി പുഷ്പാര്‍ച്ചന; മറുപടിയുമായി നാനാ പടോലെ

News Desk
1 Min Read

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭ സ്പീക്കറുമായ നാനാ പടോലെ. നാനാ പടോലെയുടെ കാല്‍ രണ്ട് യുവാക്കള്‍ കഴുകുന്ന വിഡിയോയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത്.

ഗുരുപൂജയുടെ ഭാഗമായി പുറത്ത് വന്ന ഈ വിഡിയോ കോണ്‍ഗ്രസിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കാല്‍ കഴുകുന്നത് തന്‍റെ കുടുംബത്തിലെ യുവാക്കളാണെന്നാണ് വിഡിയോ പുറത്തുവന്നതിന് ശേഷമുള്ള നാനാ പടോലെയുടെ പ്രതികരണം. 

വൈറലായ വിഡിയോയില്‍ പടോലെ ഒരു സോഫയില്‍ ഇരിക്കുന്നതായും രണ്ട് ചെറുപ്പക്കാര്‍ അദ്ദേഹത്തിന്‍റെ കാല്‍ കഴുകി പുഷ്പാര്‍ച്ചന നടത്തുന്നതായി കാണാം. വിഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കളുടെ സംസ്കാരത്തെയാണ് ഈ വിഡിയോ പ്രതിഫലിപ്പിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ വിമർശനത്തിനും നെഗറ്റീവ് പ്രചാരണത്തിനും മാത്രമേ കാരണമാകൂ എന്നും ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

അതേസമയം വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന എല്ലാ വിവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് നാനാ പടോലെ പറഞ്ഞു. അത്തരമൊരു ചടങ്ങ് നടത്താൻ താൻ ആരോടും ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അന്നേ ദിവസം ഗുരുപൂജയായിരുന്നുവെന്നും തന്‍റെ കുടുംബത്തിലെ രണ്ട് യുവാക്കള്‍ക്ക് തന്നെ അവരുടെ ഗുരുവായി കണക്കാക്കണമെന്നുള്ള അവരുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണ് ആ പൂജയെന്നും നാനാ പടോലെ വ്യക്തമാക്കി. 

ബിജെപിക്ക് മറ്റുള്ളവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് പ്രസംഗിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയടിക്കുന്നവർ തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും പടോലെ ബിജെപിക്ക് മറുപടി നല്‍കി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article