മസ്‌കത്ത്: ഒമാന്റെ തലസ്ഥാന നഗരിക്ക് പുത്തൻ വിനോദസഞ്ചാര അനുഭവമൊരുക്കുന്ന മത്ര കേബിൾ കാർ പദ്ധതി 2026 അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ ഉടമസ്ഥരായ സബീൻ ഗ്രൂപ്പിന്റെ സിഇഒ ഖാലിദ് ബിൻ സഈദ് അൽ നബ്ഹാനിയാണ് ഒമാൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പർവതനിരകൾ നിറഞ്ഞ ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികൾ വിജയകരമായി മറികടന്നാണ് നിർമാണം മുന്നേറുന്നത്. മത്രയുടെ പൈതൃകവും പ്രകൃതിഭംഗിയും ആസ്വദിക്കാനാകുന്ന സമ്പൂർണ വിനോദ കേന്ദ്രമായാണ് ഈ സ്വപ്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തുറമുഖ മേഖലയെയും സമീപത്തെ മലനിരകളെയും ബന്ധിപ്പിക്കുന്ന പദ്ധതിയിൽ മൂന്ന് പ്രധാന സ്റ്റേഷനുകളാണുള്ളത്. മത്ര ഫിഷ് മാർക്കറ്റിന് സമീപമാണ് ഒന്നാമത്തെ സ്റ്റേഷൻ. റിയാം പാർക്കിന് പിന്നിലെ കുന്നിൻമുകളിലാണ് രണ്ടാമത്തേത്. കൽബൂഹ് പാർക്കിനടുത്തുള്ള ഹയ്യ് അൽ വർദിലാണ് മൂന്നാമത്തെ സ്റ്റേഷൻ വരുന്നത്. ആകെ മൂന്ന് കിലോമീറ്റർ നീളമുള്ള ഈ റോപ്‌വേയിൽ ഒരേസമയം എട്ടുപേർക്ക് യാത്ര ചെയ്യാവുന്ന 18 കാബിനുകൾ സർവീസ് നടത്തും. ചരിത്രപ്രസിദ്ധമായ മത്ര നഗരത്തെയും കടൽത്തീരത്തെയും ഉയരത്തിൽനിന്ന് കൺകുളിർക്കെ കാണാൻ സഞ്ചാരികൾക്ക് ഇതിലൂടെ സാധിക്കും.
യാത്രയ്‌ക്കൊപ്പം വിനോദത്തിനും സംസ്‌കാരത്തിനും വലിയ പ്രാധാന്യമാണ് ഓരോ സ്റ്റേഷനിലും ഒരുക്കുന്നത്. ഫിഷ് മാർക്കറ്റിന് സമീപമുള്ള റോപ്പ് വ്യൂ എന്ന പ്രധാന സ്റ്റേഷനിൽ ഇരുപതിലേറെ റെസ്റ്റോറന്റുകളും കഫേകളും പ്രവർത്തിക്കും. മത്രയുടെ ചരിത്രവും കഥകളും പുത്തൻ സാങ്കേതികവിദ്യയിലൂടെ പരിചയപ്പെടുത്തുന്ന മത്ര ഡിജിറ്റൽ ഹൗസ്, സാംസ്‌കാരിക പരിപാടികൾക്കായുള്ള തിയേറ്റർ എന്നിവയും ഇവിടെ സജ്ജമാക്കും. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചു. പ്രശസ്തമായ മത്ര സൂഖിനും കോർണിഷിനും ഒപ്പം രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയൊരു മുതൽക്കൂട്ടാകും ഈ പദ്ധതി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
