ന്യൂഡൽഹി: 10, 20 രൂപ മൂല്യമുള്ള പോളിമർ ബാങ്ക് നോട്ടുകൾ (Polymer Banknotes) പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എന്നാൽ നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ പൂർണ്ണമായി പകരം വെക്കാൻ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 10, 20 രൂപ മൂല്യമുള്ള 100 കോടി പോളിമർ ബാങ്ക് നോട്ടുകൾ ഫീൽഡ് ട്രയലുകൾക്കായി പുറത്തിറക്കാൻ ആർ ബി ഐ (RBI) സെൻട്രൽ ബോർഡിന്റെ ശുപാർശയോടെ നിർദ്ദേശിക്കുകയായിരുന്നു. ഈ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ക്രമമായ രീതിയിൽ ഇവ വിതരണം ചെയ്യുക.
അന്താരാഷ്ട്ര പഠനങ്ങൾ അനുസരിച്ച് പോളിമർ ബാങ്ക് നോട്ടുകൾക്ക് സാധാരണ കടലാസ് നോട്ടുകളേക്കാൾ കൂടുതൽ ആയുസ്സുണ്ടെന്നും അവ കൂടുതൽ ഈടുനിൽക്കുമെന്നും ആർ ബി ഐ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഡിജിറ്റൽ പേയ്മെന്റുകളെ (Digital Payments) ഇത് ബാധിക്കുമോ എന്ന ആശങ്കകൾക്ക് മറുപടിയായി, പോളിമർ നോട്ടുകളുടെ തുടക്കം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിജിറ്റൽ ഇടപാടുകളിലെ ഇതിന്റെ സ്വാധീനം പതിവ് വിതരണത്തിന് ശേഷം മാത്രമേ വിലയിരുത്താൻ സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കടലാസ് നോട്ടുകളും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളും പരസ്പരം പൂരകങ്ങളായ പേയ്മെന്റ് രീതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള പേപ്പർ സബ്സ്ട്രേറ്റ് ബാങ്ക് നോട്ടുകൾക്കൊപ്പം തന്നെയാണ് പോളിമർ നോട്ടുകളും വിതരണം ചെയ്യുക. പേപ്പർ കറൻസി പൂർണ്ണമായും പോളിമർ അധിഷ്ഠിത നോട്ടുകൾ ഉപയോഗിച്ച് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ വിതരണം ചെയ്യുന്നതിനായി ആർ ബി ഐ യുടെ കറൻസി പ്രിന്റിംഗ് വിഭാഗമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആഗോള നിർമ്മാതാക്കളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ ടെൻഡറിൽ കർശനമായ ദേശ സുരക്ഷാ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഡ്ഡറുകൾ സർക്കാർ സുരക്ഷാ ക്ലിയറൻസ് നേടേണ്ടതുണ്ട്.
ചൈനയിലോ പാകിസ്ഥാനിലോ ഉള്ള പ്രവർത്തനങ്ങൾ ഇന്ത്യയിലെ കരാറുമായി ബന്ധപ്പെടുത്താൻ പാടില്ല. കൂടാതെ, ഇന്ത്യയ്ക്ക് വേണ്ടിയുള്ള നോട്ട് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഈ രാജ്യങ്ങളിൽ നിന്ന് ശേഖരിക്കാനോ ഇന്ത്യയ്ക്കായുള്ള പ്രത്യേക സബ്സ്ട്രേറ്റ് മൂന്നാമതൊരു രാജ്യത്തിന് നൽകാനോ പാടില്ല.
തുടക്കത്തിൽ ഏകദേശം 68,000 റീം പോളിമർ സബ്സ്ട്രേറ്റ് — രണ്ട് മൂല്യങ്ങളിലായി 34,000 റീം വീതം — ആവശ്യമാണെന്നാണ് ബി ആർ ബി എൻ എം പി എൽ വ്യക്തമാക്കിയത്. വിജയകരമായ ഫീൽഡ് ട്രയലുകൾക്ക് ശേഷം കൂടുതൽ സംഭരണം നടത്തും.
ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ പോളിമർ ബാങ്ക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഫിലിമുകളിൽ നിർമ്മിക്കുന്നതിനാൽ ഇവ സാധാരണ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും തേയ്മാനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കും.
2026 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കാനുള്ള ആർ ബി ഐ യുടെ ചെലവ് 24 ശതമാനം കുറഞ്ഞ് 4,875 കോടി രൂപയായിട്ടുണ്ട്. എന്നാൽ കറൻസിയുടെ ആവശ്യകത ശക്തമായി തുടരുകയാണ്. മാർച്ച് 2026 അവസാനത്തോടെ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 12 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി. പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂല്യത്തിൽ 86 ശതമാനവും 500 രൂപ നോട്ടുകളാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
