പ്രളയത്തിൽ ഒഴുകിയെത്തിയത് നൂറു കണക്കിനു പാമ്പുകൾ; പിടികൂടി ഭക്ഷണമാക്കാൻ മത്സരം

News Desk
1 Min Read

ബെയ്ജിങ്: ദക്ഷിണ ചൈനയിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിനു വെല്ലുവിളിയായി മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ ഫാമിൽനിന്നു പുറത്തെത്തിയതായി റിപ്പോർട്ട്. വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയ പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഗുവാങ്‌സി മേഖലയിലെ ഒരു പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്നാണ് പാമ്പുകൾ പുറത്തെത്തിയതെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാംസത്തിനും മരുന്നിനും തോലിനുമായി വിഷപ്പാമ്പുകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ ധാരാളമുണ്ട്. പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പാമ്പുകടിയേറ്റ് പലരും ചികിൽസയിലാണ്. ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. 

വെള്ളത്തിൽ ഒഴുകിയെത്തുന്ന പാമ്പുകളെ ഭക്ഷണമാക്കാനാണ് ആളുകൾ പിടിക്കുന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വലയും മറ്റും ഉപയോഗിച്ച് പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകളും പ്രചരിക്കുന്നുണ്ട്.

മെയ്സാക് ചുഴലിക്കാറ്റിലും കനത്ത മഴയിലും ദക്ഷിണ ചൈനയിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയും അണക്കെട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജനവാസമേഖലകളിലേക്കു പ്രളയജലം ഇരച്ചുകയറി. ഇതുവരെ ആറുപേർ മരിച്ചെന്നും ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article