ന്യൂഡല്‍ഹി: ഒളിവിലുള്ള വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിന്റെ ‘ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്’ (ഐആര്‍എഫ്) എന്ന സംഘടനയ്ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യുഎപിഎ), 1967 പ്രകാരം നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പൂര്‍ണ അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഇതുസംബന്ധിച്ച് നവംബര്‍ 26ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. യുഎപിഎയിലെ 42ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് കേന്ദ്രത്തിന്റെ നടപടി.
ഇതോടെ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് വിനിയോഗിക്കാവുന്ന അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഉപയോഗിക്കാനാകും.
സാക്കിര്‍ നായിക്
നിയമവിരുദ്ധ സംഘടനയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ ഫണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ആസ്തികള്‍ എന്നിവയുടെ കൈമാറ്റവും ഉപയോഗവും വിലക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഏഴാം വകുപ്പ്. കൂടാതെ ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, എട്ടാം വകുപ്പാകട്ടെ, നിയമവിരുദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന വീടുകളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ എന്നിവ വിജ്ഞാപനം ചെയ്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കാനും സര്‍ക്കാരിന് അധികാരം നല്കുന്നു. വിജ്ഞാപനത്തെ തുടര്‍ന്ന് ആ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും അവിടെയുള്ള സ്ഥാവര-ജംഗമ വസ്തുക്കളുടെ ഉപയോഗം വിലക്കാനും അധികാരികള്‍ക്ക് സാധിക്കും.
നംവബര്‍ 13ന് സാക്കിര്‍ നായിക്കിന്റെ സ്ഥാപനങ്ങള്‍ക്ക് മേലുള്ള നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യുഎപിഎ സെക്ഷന്‍ 3(1), 3(3) എന്നിവ പ്രകാരമായിരുന്നു കേന്ദ്രത്തിന്റെ നടപടി. നിലവിലുണ്ടായിരുന്ന നിരോധന കാലാവധി നവംബര്‍ 14ന് അവസാനിക്കാനിരിക്കെയായിരുന്നു അഞ്ച് വര്‍ഷത്തേക്ക് കൂടി വിലക്ക് നീട്ടിയത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് 2016 നവംബര്‍ 17നാണ് ഐആര്‍എഫിനെ ആദ്യമായി നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചത്.
സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘടന വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുക, മതസമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക, അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ഒളിവിലുള്ള ഭീകരവാദികളുടെ പുനഃസംഘടനയ്ക്ക് സഹായം നല്‍കുക, വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും സംഘടന ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം ആരോപിച്ചിരുന്നു.
സാക്കിര്‍ നായിക്
2016-ല്‍ ഐആര്‍എഫിന് മേല്‍ കേന്ദ്രം നിരോധനമേര്‍പ്പെടുത്തുമ്പോള്‍ സാക്കിര്‍ നായിക് വിദേശപര്യടനത്തിലായിരുന്നു. അന്നുമുതല്‍ അദ്ദേഹം മലേഷ്യയിലാണ് താമസം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) കേസെടുത്തതിനെ തുടര്‍ന്ന് 2017ല്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
