ഗസ്സ: വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷമുള്ള 413 ദിവസത്തിനിടെ ഇസ്രയേൽ 6,464 തവണ കരാർ ലംഘിച്ചതായി കണക്കുകൾ. പ്രതിദിനം ശരാശരി 15.6 ലംഘനങ്ങൾ വീതമാണ് ഉണ്ടായതെന്ന് നവംബർ 28ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഡ്രോപ് സൈറ്റ് ന്യൂസിന് ലഭിച്ച റിപ്പോർട്ട് മധ്യസ്ഥ രാജ്യങ്ങൾക്കും കൈമാറിയിട്ടുണ്ട്.
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 1,711 ഫലസ്തീനികൾ കൊല്ലപ്പെടുകയും 6,182 പേർക്ക് പരിക്കേൽക്കുകയും 225 പേരെ തടവിലാക്കുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ 554 പേർ കുട്ടികളും സ്ത്രീകളും വയോധികരുമാണ്. പരിക്കേറ്റവരിൽ ഈ വിഭാഗങ്ങളിൽപ്പെട്ടവർ 3,042 പേരുണ്ട്.
2,748 വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും 2,763 തവണ വെടിവയ്പ്പും 593 കെട്ടിടം തകർക്കലുകളും 248 തവണ സൈനിക വാഹനങ്ങളുടെ കടന്നുകയറ്റവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കരാർ പ്രകാരം നിശ്ചയിച്ചിരുന്ന സൈനിക പിന്മാറ്റ രേഖയ്ക്ക് അപ്പുറത്തുള്ള 34 ചതുരശ്ര കിലോമീറ്ററോളം പ്രദേശം ഇസ്രയേൽ നിയന്ത്രണത്തിലാക്കിയെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
വെടിനിർത്തൽ കരാർ പ്രകാരം പ്രതിദിനം 600 ട്രക്കുകൾ വീതം സഹായവുമായി ഗസ്സയിലെത്തേണ്ടതായിരുന്നു. ഇതിൽ 50 ട്രക്കുകൾ ഇന്ധനം എത്തിക്കാനുള്ളവയായിരുന്നു. എന്നാൽ നിശ്ചയിച്ചിരുന്ന ആകെ സഹായവിതരണത്തിന്റെ 32.9 ശതമാനം മാത്രമാണ് ഇതുവരെ ഗസ്സയിലെത്തിയത്. പ്രതിദിനം ശരാശരി 197.7 ട്രക്കുകൾ മാത്രമാണ് പ്രവേശിച്ചത്.
കരാർ പ്രകാരം ആവശ്യമായ ഇന്ധനത്തിന്റെ 15.4 ശതമാനം മാത്രമാണ് ലഭിച്ചത്. വൈദ്യുതി, ജലവിതരണം, മലിനജല ശൃംഖലകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായും പുനർനിർമാണത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ ഗസ്സയിലേക്ക് കടത്തിവിടുന്നില്ലെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
