ചിത്രം തെളിഞ്ഞു; മെസി– റൊണാള്‍ഡോ പോര് വൈകും

News Desk
1 Min Read

ലോകകപ്പിന്‍റെ നോക്കൗട്ട് ചിത്രം തെളിഞ്ഞു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെസി– റൊണാള്‍ഡോ പോരാട്ടം ഇനിയും നീളും. ഒരു മല്‍സരത്തില്‍ പോലും ജയിക്കാതെ പ്രതിരോധക്കോട്ട കെട്ടി നോക്കൗട്ടിലെത്തിയ കാബോ വെര്‍ദെയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.

സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ കുഴങ്ങുന്ന പോര്‍ച്ചുഗലിന് ക്രൊയേഷ്യയാണ് എതിരാളികള്‍. കാനറിപ്പടയ്ക്ക് ഏഷ്യന്‍ കരുത്തരായ ജപ്പാനെയാണ് നോക്കൗട്ടില്‍ നേരിടേണ്ടി വരിക. എംബപ്പെയുടെ ഫ്രാന്‍സ്, സ്വീഡനെയും ജര്‍മനി പാരഗ്വായെയും നേരിടും. നെതര്‍ലന്‍ഡ്​സാണ് മൊറോക്കോയുടെ എതിരാളികള്‍. സ്പെയിന്‍ ഓസ്ട്രിയയെയും ഐവറി കോസ്റ്റ് നോര്‍വെയെയും നേരിടും. 

സമനില സമവാക്യം വഴി നോക്കൗട്ടില്‍ പ്രതീക്ഷ വച്ചിരുന്ന ഇറാന് അവസാന നിമിഷം കടുത്ത നിരാശയാണുണ്ടായത്. അള്‍ജീരിയ– ഓസ്ട്രിയ മല്‍സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഇറാന്‍ പുറത്തായത്. ഡിആര്‍ കോംഗോയാണ് നോക്കൗട്ടില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. മെക്സിക്കോ, ഇക്വഡോറിനെയും കൊളംബിയ ഘാനയെയും നേരിടും. ബെല്‍ജിയം സെനഗലിനെയും അമേരിക്ക ബോസ്നിയയെയും നേരിടും. ദക്ഷിണാഫ്രിക്കയ്ക്ക് കാനഡയാണ് എതിരാളികള്‍ . സ്വിറ്റ്സര്‍ലന്‍ഡ് അള്‍ജീരിയയുമായും ഏറ്റുമുട്ടും.

ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മല്‍സരിച്ചതോടെ നോക്കൗട്ട് ഘടനയിലും വലിയ മാറ്റമുണ്ടായി. നേരത്തെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ നേരിട്ട് റൗണ്ട് ഓഫ് 16 ആയിരുന്നുവെങ്കില്‍ ഇത്തവണ അത് റൗണ്ട് ഓഫ് 32 ആയിട്ടുണ്ട്. ആകെ മല്‍സരങ്ങളുടെ എണ്ണം ഇരട്ടിയായി. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരായി 24 പേരും മികച്ച പ്രകടനം കാഴ്ച വച്ച എട്ട് മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടില്‍. 

നിശ്ചിത 90 മിനിറ്റില്‍ മല്‍സരം സമനിലയിലായാല്‍ നോക്കൗട്ടില്‍ 30 മിനിറ്റ് അധികസമയം അനുവദിക്കും. അധികസമയത്ത് ഇരുടീമുകളും സമനില പാലിച്ചാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകും. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമുകള്‍ ഒരേ പോയിന്‍റിലെത്തിയപ്പോള്‍ സാധാരണ പരിഗണിക്കുന്ന ഗോള്‍ വ്യത്യാസത്തിന് പകരം ഇക്കുറി ഹെഡ് ടു ഹെഡ് റെക്കോര്‍ഡാണ് പരിഗണിച്ചത്. ഇന്ന് മുതല്‍ ജൂലൈ മൂന്ന് വരെയാണ് നോക്കൗട്ട് മല്‍സരങ്ങള്‍ നടക്കുന്നത്. ജൂലൈ 19നാണ് ഫൈനല്‍. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article