ആംസ്റ്റർഡാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ അമേരിക്കയുമായുള്ള മത്സരത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഏറെ പിന്നിലാകുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യകൾ നിയന്ത്രണത്തിൽ ഒതുക്കാൻ അമേരിക്കൻ ഭരണകൂടം ശ്രമം തുടങ്ങിയതോടെ യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്ക വർധിച്ചു.
പ്രമുഖ എഐ കമ്പനികളായ ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ പുതിയ പ്രോഗ്രാമുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം യുഎസ് ഭരണകൂടം നിയന്ത്രിക്കാൻ തുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുഎസിന്റെ ഈ നീക്കം യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് എഐ വിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷ, ഭൗമരാഷ്ട്രീയം, സാമ്പത്തികം എന്നിവയിൽ യൂറോപ്പ് പൂർണമായും അമേരിക്കയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ‘യൂറോപ്പ് 2031’ എന്ന പേരിൽ പുറത്തുവിട്ട വിദഗ്ധ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടുതൽ ഡാറ്റാ സെന്ററുകൾ വേഗത്തിൽ നിർമിക്കുക, പരസ്പര സാങ്കേതിക സഹകരണം വർധിപ്പിക്കുക എന്നിവയാണ് ഇതിനായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ. അമേരിക്കൻ സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്നത് അതീവ അപകടകരമാണെന്ന് റിപ്പോർട്ടിന്റെ സഹരചയിതാവും എംഐടി ഗവേഷകനുമായ മിഷീൽ ബക്കർ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് എഐ മോഡലുകൾക്കുള്ള ഉപയോഗാനുമതി അമേരിക്ക എപ്പോൾ വേണമെങ്കിലും നിഷേധിച്ചേക്കാം. ഒരു ബട്ടൺ അമർത്തുന്നതിലൂടെ യൂറോപ്പിലെ കംപ്യൂട്ടറുകളെല്ലാം ഹാക്ക് ചെയ്യാൻ വൈറ്റ് ഹൗസിന് സാധിക്കുമെന്ന തരത്തിലുള്ള അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലവിലുള്ളതെന്ന് ഈ റിപ്പോർട്ടിലൂടെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാങ്കേതിക വിടവ് നികത്തിയില്ലെങ്കിൽ യൂറോപ്പിലെ വിജ്ഞാന മേഖലകളിൽ വലിയ തോതിൽ തൊഴിലില്ലായ്മ ഉണ്ടാകുമെന്നും, നികുതി വരുമാനം കുറയുന്നത് രാജ്യങ്ങളുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെത്തന്നെ ബാധിക്കുമെന്നും നെതർലൻഡ്സിലെ പ്രമുഖ സാങ്കേതിക സർവകലാശാലയായ ടിയു ഡെൽഫ്റ്റിലെ ഇന്നവേഷൻ പ്രഫസറായ ഡെബോറ നാസ് ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ, ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും അമേരിക്കൻ ആധിപത്യത്തിനെതിരെ യൂറോപ്പിൽ നിന്നും ചെറുത്തുനിൽപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഡച്ച് എഐ സ്റ്റാർട്ടപ്പായ ‘ജനറൽ ഇൻട്യൂഷൻ’. നെതർലൻഡ്സ് സ്വദേശിയായ പിം ഡി വിറ്റിന്റെ നേതൃത്വത്തിലുള്ള ഈ കമ്പനി, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഉൾപ്പെടെയുള്ള അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഈ ആഴ്ച 320 മില്യൻ ഡോളർ സമാഹരിച്ചു.
അമേരിക്കൻ ഫണ്ടാണെങ്കിലും കമ്പനിയുടെ നിയന്ത്രണം പൂർണമായും യൂറോപ്യൻ കൈകളിൽ തന്നെയായിരിക്കുമെന്ന് പിം ഡി വിറ്റ് വ്യക്തമാക്കി. യൂറോപ്പിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകാത്ത മറ്റ് ഭൂഖണ്ഡങ്ങളെ ആശ്രയിക്കുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടി, കമ്പനിയെ സ്വന്തമാക്കാനുള്ള ഓപ്പൺഎഐയുടെ 500 മില്യൻ ഡോളറിന്റെ വൻ ഓഫർ ജനറൽ ഇൻട്യൂഷൻ നിരസിക്കുകയായിരുന്നു.
ഇത്തരം സ്വകാര്യ സംരംഭങ്ങൾക്കപ്പുറം എഐ രംഗത്ത് യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നും ഔദ്യോഗിക നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യം കാണുന്നില്ലെന്ന വിമർശനവും ശക്തമാണ്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ 200 ബില്യൻ യൂറോയുടെ എഐ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതിൽ ഭൂരിഭാഗവും നേരത്തെ പ്രഖ്യാപിക്കപ്പെട്ട സ്വകാര്യ നിക്ഷേപങ്ങളാണെന്നാണ് ആക്ഷേപം. യൂറോപ്യൻ യൂണിയൻ നേരിട്ട് അനുവദിച്ച പുതിയ ഫണ്ട് വളരെ കുറവാണെന്ന് മിഷീൽ ബക്കർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമേരിക്കയുമായി വേഗത്തിൽ മത്സരിക്കാൻ യൂറോപ്പിലെ കർശനമായ സ്വകാര്യതാ നിയമങ്ങളിൽ ഇളവ് വരുത്തണമെന്ന ആവശ്യവും ശക്തമാണ്. നിയമങ്ങൾ ലഘൂകരിച്ചാൽ മാത്രമേ ടെക് കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെയും വേഗതയിലും പുതിയ പരീക്ഷണങ്ങൾ നടത്താനാകൂ എന്ന് അനുകൂലിക്കുന്നവർ വാദിക്കുന്നു. എഐ രംഗത്ത് യൂറോപ്പിന് തിരിച്ചുവരവിന് ഇനിയും സമയമുണ്ടെന്നും എന്നാൽ എത്രയും വേഗം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
