സഊദി ഡസ്ക്: അടുത്തിടെയാണ് സഊദി അറേബ്യ മൾട്ടി എൻട്രി ഉംറ വിസ പ്രഖ്യാപിച്ചത്. ഇത് ഏറെ ഉപകാരം ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചിലെങ്കിൽ യാത്രക്കാർക്ക് മുട്ടൻ പണികളാണ് ലഭിക്കുക. ഉംറ വിസ മൾട്ടിപ്പിൾ എൻട്രി ആക്കിയ സാഹചര്യത്തിൽ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അത് വലിയ തലവേദനയാകുമെന്ന് ട്രാവൽ മേഖലയിൽ ഉള്ളവർ പറയുന്നു.
നിലവിൽ മൾട്ടി എൻട്രി ഉംറ വിസക്ക് ഒരു വർഷത്തെ ദിവസത്തെ കാലാവധിയും 90 ദിവസത്തെ താമസ കാലാവധിയും ആണ് ഉള്ളത്. അതായത് വിസ ഇഷ്യു ചെയ്തതിനു ശേഷം ഒരു വർഷത്തിനുള്ളിൽ എത്ര തവണ വന്ന് പോകാമെങ്കിലും സഊദിയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 90 ദിവസം ആണ് എന്നർത്ഥം. ഈ 90 ദിവസം ഒരു വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ആയി ഉപയോഗിച്ചാൽ മതി എന്നതാണ് മൾട്ടി ഉംറ വിസ പലർക്കും ആകർഷകമായി അനുഭവപ്പെടുത്തുന്നത്. എന്നാൽ, 90 ദിവസം കഴിഞ്ഞാൽ പിന്നീട് സഊദിയിൽ നിൽക്കാനോ വരാനോ സാധ്യമല്ല.
ഉദാഹരണം: അതായത്, ഒരാൾ മൾട്ടി ഉംറ വിസയിൽ സഊദിയിൽ ഇറങ്ങി ഒരു മാസം അഥവാ 30 ദിവസം താമസിച്ച ശേഷം തിരിച്ചു പോയാൽ അദ്ദേഹം വീണ്ടും വരുമ്പോൾ ബാക്കി 60 ദിവസം മാത്രമേ നിൽക്കാൻ അനുവാദം ഉണ്ടാകൂ. അങ്ങനെ എത്ര തവണ വരാമെങ്കിലും ഓരോ വരവിലും സഊദിയിൽ തങ്ങിയ ദിവസങ്ങൾ 90 ദിവസത്തിൽ നിന്ന് കുറഞ്ഞു കൊണ്ടേയിരിക്കും എന്ന് സാരം.
എന്നാൽ ഒരാൾ ഉംറ വിസയിൽ ഇപ്പോൾ സഊദിയിൽ പ്രവേശിച്ച് കുറച്ചു ദിവസം മാത്രം സഊദിയിൽ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയതിനു ശേഷം വീണ്ടും അതെ ഉംറ വിസയിൽ തന്നെ സഊദിയിലേക്ക് പ്രവേശിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഇഷ്യൂ ചെയ്യുന്ന ഉംറ വിസയിൽ തന്നെ ആ നിബന്ധന പ്രത്യേകം പരാമർശിക്കുന്നുമുണ്ട്.
ഒരു പ്രാവശ്യം ഉംറ നിര്‍വഹിച്ച് തിരിച്ചുപോയാല്‍ പിന്നീട് സഊദിയിലേക്കുള്ള ഓരോ എന്‍ട്രിക്കും ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഇല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും.
ഓരോ വരവിലും സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഒരു അംഗീകൃത ഉംറ പാക്കേജ് ബുക്കിങ്ങും ഉംറ പെർമിറ്റും ഉണ്ടായിരിക്കൽ നിർബന്ധമാണ് എന്നതാണ് ഒരു നിബന്ധന. ഇത്തരത്തിൽ ഉംറ പാക്കേജ് എടുക്കണമെങ്കിൽ നുസുക്ക് വഴിയാണ് സാധ്യമാക്കുക. പോകാനും തിരിച്ചുവരാനുമുള്ള വിമാനടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് അടക്കം ഉംറ കമ്പനിയുടെ അംഗീകൃത പാക്കേജ് എന്നിവ ഉൾപ്പെടെയാണ് എടുത്തിരിക്കേണ്ടത്. സഊദിയില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ആതിഥേയത്വത്തിലാണെങ്കില്‍ അവരുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം.
ചുരുക്കത്തിൽ മൾട്ടി ഉംറ വിസയിൽ സഊദിയിൽ പ്രവേശിച്ചു കുറച്ചുദിവസം സഊദിയിൽ കഴിഞ്ഞ ഒരാൾ തിരികെ നാട്ടിലെത്തിയ ഒരാൾക്ക് വീണ്ടും സഊദിയിലേക്ക് അതേ വിസയിൽ പോകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും എന്നർത്ഥം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
