സമാധാന കരാർ ലംഘനം; യുഎസ് – ഇറാൻ പോര് രൂക്ഷമാകുന്നു

News Desk
1 Min Read

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ ലംഘിച്ച്, അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള പോര് രൂക്ഷമാകുന്നു. ഇറാൻ അതിർത്തിയിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് തിരിച്ചടിച്ചു.

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് അമേരിക്ക നടത്തിയ നടപടികളാണ് സംഘർഷത്തിന് തുടക്കമിട്ടത്. എന്നാൽ ഇറാന്റെ ആക്രമണം വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ആരോപിച്ചു. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു അമേരിക്കയുടെ ആക്രമണം.

എന്നാൽ, അമേരിക്കയുടെ നടപടി സമാധാന കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ആക്രമണം തുടർന്നാൽ തിരിച്ചടി ഇതിലും ശക്തമായിരിക്കുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുലർച്ചെ ബഹ്‌റൈന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ, ഇസ്രയേലും ലെബനനും തമ്മിലുള്ള അതിർത്തി യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച കരാർ ഒപ്പുവെച്ചു. എന്നാൽ, ഈ കരാർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാണെന്ന് ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള പ്രതികരിച്ചു. ഇതിനെതിരെ ബെയ്‌ത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഇറാൻ ആണവായുധ നിർമാണത്തിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവോർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് ഇൻസ്‌പെക്ടർമാർക്ക് വീണ്ടും പ്രവേശനം ലഭിക്കുമെന്ന കാര്യത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article