കോഴിക്കോട് ട്രെയിൻ ഇടിച്ച് പരിക്കേറ്റ എട്ട് വയസുകാരൻ മരിച്ചു

News Desk
1 Min Read

പന്നിയങ്കര: വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു. കുഞ്ഞീരിയമ്പലം അഹമ്മദ് കോയയുടെയും സമീനയുടെയും മകൻ എ വി ഫൈസാൻ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ റെയിൽവേ പാളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ ഉടനെ തന്നെ സ്‌ഥലത്തെത്തിയ പന്നിയങ്കര പോലീസും മീഞ്ചന്ത അഗ്നിരക്ഷാ സേനയും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടത്. റെയിൽവേ ട്രാക്കിന് സമീപത്താണ് കുട്ടിയുടെ വീട്. പരപ്പിൽ എംഎംഎൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫർഹാദ് അഹമ്മദ്, മറിയം അഹമ്മദ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article