ഓഫിസിൽ പോകേണ്ടത് 4 ദിവസം മാത്രം!; ആഴ്ചയിൽ 3 ദിവസം അവധിയുമായി ദുബായ് സർക്കാരിന്റെ ‘ഫ്ലെക്സിബിൾ സമ്മർ’

News Desk
2 Min Read

ദുബായ്: സർക്കാർ ജീവനക്കാർക്ക് വേനൽക്കാലത്ത് ജോലിസമയത്തിൽ ഇളവുകൾ നൽകുന്ന ‘ഫ്ലെക്സിബിൾ സമ്മർ’ പദ്ധതിയുടെ പുതിയ പതിപ്പ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതൽ സെപ്റ്റംബർ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം മുൻനിർത്തിയും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരമൊരുക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

രണ്ട് രീതിയിലാണ് ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്താൽ മതിയാകും. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നവർക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ എട്ട് മണിക്കൂർ വീതമായിരിക്കും ജോലിസമയം. ഇവർക്ക് വെള്ളിയാഴ്ച പൂർണ അവധിയായിരിക്കും.

ശനി, ഞായർ ദിവസങ്ങളിലെ പൊതുഅവധിക്ക് പുറമെ വെള്ളിയാഴ്ചയും അവധി ലഭിക്കുന്നതോടെ ഈ വിഭാഗത്തിന് ആഴ്ചയിൽ മൂന്ന് ദിവസം അവധി ആസ്വദിക്കാനാകും. ഓഫീസുകളുടെ പ്രവർത്തനസ്വഭാവം അനുസരിച്ച് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) സൗകര്യവും അതത് വകുപ്പുകൾക്ക് നൽകാവുന്നതാണ്.

ജീവനക്കാരുടെ സന്തോഷവും ജീവിതനിലവാരവും ഉയർത്തുന്നത് വഴി സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമതയും ലക്ഷ്യപ്രാപ്തിയും വർധിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി വ്യക്തമാക്കി. ദുബായിൽ പ്രഖ്യാപിച്ചിട്ടുള്ള ‘കുടുംബ വർഷം’ പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നതാണ് പുതിയ ഇളവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതി ജീവനക്കാരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത്.

∙ മധ്യാഹ്നവിശ്രമ നിയമം ലംഘിച്ചാൽ വൻ പിഴ
യുഎഇയിൽ കടുത്ത വേനലിനെത്തുടർന്ന് തൊഴിലാളികൾക്കായി പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്ക് വിലക്കുണ്ട്. തുടർച്ചയായ 22-ാം വർഷമാണ് യുഎഇയിൽ ഈ നിയമം നടപ്പിലാക്കുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കും. ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും നേരിട്ടുള്ള പരിശോധനകൾ വഴിയും നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറിലോ വെബ്സൈറ്റ് വഴിയോ പൊതുജനങ്ങൾക്ക് വിവരമറിയിക്കാം.

വേനൽക്കാലത്ത് നഗരത്തിൽ ഉടനീളം സർവീസ് നടത്തുന്ന ഡെലിവറി ജീവനക്കാർക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മെട്രോ, ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 23 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിശ്രമകേന്ദ്രങ്ങളുടെ എണ്ണത്തിൽ 53 ശതമാനം വർധനവാണ് ഇത്തവണ വരുത്തിയിട്ടുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article