എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

News Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ ലഹരി മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിവില്‍ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെട്ടത്. പൈലറ്റിനെ അന്വേഷണ വിധേയമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് കമ്പനി അറിയിച്ചു. 

ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് 145 യാത്രക്കാരുമായിവന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സില്‍(ആകാശച്ചുഴിയില്‍)പ്പെട്ടത്.പത്ത് യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്. 

ടര്‍ബുലന്‍സിനെ തുടര്‍ന്ന് വിമാനം ഏകദേശം 300 അടി താഴ്ന്നുന്നെങ്കിലും പൈലറ്റുമാര്‍ നിയന്ത്രണം വീണ്ടെടുത്ത് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. 

ഫുക്കറ്റില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.41ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം പറന്നുയര്‍ന്ന് ഒന്നൊര മണിക്കൂറിനുശേഷമാണ് ടര്‍ബുലന്‍സ് അനുഭവപ്പെട്ടത്. ശക്തമായി കുലുങ്ങിയ വിമാനം ഏതാനും നിമിഷങ്ങള്‍ക്കകം താഴ്ന്ന ഉടന്‍ പൈലറ്റുമാര്‍ വിമാനം നിയന്ത്രണത്തിലാക്കി സുരക്ഷിതമായ ഉയരത്തിലേക്ക് തിരിച്ചെത്തിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article