സന്ദേശങ്ങൾ എടുത്തുചാടി ഫോർവേഡ് ചെയ്യണ്ട, പണികിട്ടും: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി

News Desk
1 Min Read

യുഎഇ: ഫാമിലി, ഫ്രണ്ട്സ് ​ഗ്രൂപ്പുകളിൽ നിന്നും മറ്റു ചാറ്റുകളിൽ നിന്നുമായി ലഭിക്കുന്ന സന്ദേശങ്ങൾ എടുത്തുചാടി ഫോർവേഡ് ചെയ്യരുതെന്ന് യുഎഇ ടെലികോം അതോറിറ്റി. വിവരങ്ങളുടെ സത്യസന്ധത ഉറപ്പുവരുത്തിയ ശേഷമേ സന്ദേശങ്ങൾ കൈമാറാവൂ എന്നും അതോറിറ്റി നിർദേശിച്ചു. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും വേ​ഗത്തിൽ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് താക്കീത്.

വാർത്തകൾ ഔദ്യോ​ഗിക സ്രോതസ്സുകളിൽ നിന്നോ വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്നോ ആണ് ഉറപ്പുവരുത്തേണ്ടത്.മ നപൂർവമല്ലാതെ ആരെങ്കിലും വ്യാജ സന്ദേശങ്ങൾ ഷെയ‍‍ർ ചെയ്താൽ, മാന്യമായ രീതിയിൽ തന്നെ അത് തിരുത്തി നൽകുന്നത് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും സോഷ്യൽ മീഡിയ ചാറ്റുകൾക്കും യുഎഇയിലെ സൈബർ നിയമങ്ങൾ ബാധകമാണെന്ന് നിയമവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരാൾ നിർമ്മിച്ച വ്യാജ വാർത്തയോ സന്ദേശമോ മറ്റൊരാൾ ഫോർവേഡ് ചെയ്താൽ പോലും, അത് ‘വീണ്ടും പ്രസിദ്ധീകരിക്കുന്നതിന്’തുല്യമായിട്ടാണ് യുഎഇ സൈബർ നിയമപ്രകാരം കണക്കാക്കുക. ദുരുദ്ദേശത്തോടെയല്ല സന്ദേശം ഫോർവേഡ് ചെയ്തതെങ്കിൽ പോലും, ആ സന്ദേശം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം കണക്കിലെടുത്തായിരിക്കും കോടതി നടപടികൾ സ്വീകരിക്കുകയെന്ന് നിയമവിദഗ്ധർ പറയുന്നു.

ചാറ്റ് ലോഗുകൾ, സ്ക്രീൻഷോട്ടുകൾ, മെറ്റാഡാറ്റ എന്നിവ നിയമനടപടികൾക്കായി അധികൃതർക്ക് തെളിവായി ഉപയോഗിക്കാം. അനുമതിയില്ലാതെ ചിത്രങ്ങളോ സ്വകാര്യ സംഭാഷണങ്ങളോ പങ്കുവെക്കുന്നതും, അപകീർത്തികരമായ കാര്യങ്ങൾ ഫോർവേഡ് ചെയ്യുന്നതും കടുത്ത സാമ്പത്തിക പിഴവിനും നിയമനടപടികൾക്കും കാരണമാകുമെന്ന് ബി.എസ്.എ ലോയിലെ നിയമവിദഗ്ദ്ധൻ സാം മൂർ വ്യക്തമാക്കുന്നു. അതിനാൽ, വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article