ലോകത്തിന്റെ എണ്ണപ്പേടി ഒഴിയുന്നു. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോർമുസ് കടലിടുക്ക് വഴി 1.2 കോടി ബാരൽ ക്രൂഡോയിൽ പുറത്തെത്തിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഇറാന്റെ തീരങ്ങളിൽ യുഎസ് സേനയുടെ നാവിക ഉപരോധം പിൻവലിച്ചതിനു പിന്നാലെയാണിത്.
എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ക്രൂഡ് വില ഇടിഞ്ഞിട്ടില്ല. യുഎസ് – ഇറാൻ സമാധാന കരാറിന്റെ ഭാവി എന്താകുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അടിസ്ഥാന പലിശ നിരക്ക് കൂട്ടുമെന്ന ഫെഡ് പ്രഖ്യാപനവും നിക്ഷേപകരെ അലട്ടുന്നുണ്ട്. ഫെഡ് തീരുമാനം വായ്പ ചെലവ് കൂടുതൽ കാലത്തേക്ക് ഉയർന്നു നിൽക്കാൻ കാരണമാകുമെന്നതാണ് ആശങ്ക. ഇതിനിടയിലും ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെത്തന്നെയാണ്. സ്വർണവില കുത്തനെ ഇടിഞ്ഞു. ഓഹരി വിപണികൾ നേട്ടം തുടരുമെന്നാണ് പ്രതീക്ഷ.
അതേസമയം, സമാധാന കരാർ ഒപ്പിട്ടതോടെ ഇറാൻ തന്റെ മുന്നിൽ കീഴടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അധികാരങ്ങൾക്ക് ഒരു പരിധിയുമില്ല. ഇറാനുമായുള്ള യുദ്ധം ലോക സാമ്പത്തിക മേഖലയെ ബാധിക്കുന്ന ദുരന്തമായി മാറാതിരിക്കാനുള്ള മുൻകരുതലോടെയാണ് താൻ നീങ്ങിയത്. ഇറാനെ സൈനികമായും അല്ലാതെയും തകർത്തു. ഇപ്പോഴത്തെ ധാരണ പത്രം പോലും ഇറാന്റെ കീഴടങ്ങലാണ്. ലോകത്തിലെ മറ്റൊരു സൈന്യത്തിനും കഴിയാത്തതാണ് അമേരിക്കൻ സൈന്യം ഇറാനിൽ തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തുടർച്ചയായ അഞ്ചാമത്തെ ദിവസവും ഇന്ത്യൻ വിപണി നേട്ടത്തിലായിരുന്നു. യുഎസ് – ഇറാൻ സമാധാന കരാറും ക്രൂഡോയിൽ വില കുറഞ്ഞതും യുഎസ് ഫെഡ് റിസർവിന്റെ നിലപാടുമെല്ലാം വിപണിയെ സ്വാധീനിച്ചു. 254 പോയിന്റ് ഉയർന്ന സെൻസെക്സ് 77,410ലാണ് ക്ലോസ് ചെയ്തത്. 0.34 ശതമാനം ഉയർന്ന നിഫ്റ്റി 24,168ലുമെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 475 ലക്ഷം കോടി രൂപയിൽ നിന്ന് 477.69 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ ഇന്നലെ മാത്രം നിക്ഷേപകരുടെ സമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. 2.48 ലക്ഷം കോടി രൂപയാണെന്നും കണക്ക്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മാത്രം നിക്ഷേപകരുടെ സമ്പത്തിലേക്ക് അധികമെത്തിയത് 25 ലക്ഷം കോടി രൂപയാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.40 ശതമാനം നേട്ടത്തിലായിരുന്നു. വായ്പാ മേഖലയിൽ മികച്ച വളർച്ചയുണ്ടാകുമെന്ന റിപ്പോർട്ടുകൾ ബാങ്കിങ് ഓഹരികളിൽ മുന്നേറ്റമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 0.6 ശതമാനം നേട്ടത്തിലായി. നിഫ്റ്റി ഹെൽത്ത്കെയർ സൂചികയും മികച്ച രീതിയിൽ മുന്നേറി. എന്നാൽ അടിസ്ഥാന പലിശ നിരക്ക് കൂട്ടുമെന്ന ഫെഡ് റിസർവിന്റെ പ്രഖ്യാപനം ഐടി ഓഹരികളെ തളർത്തി. നിഫ്റ്റി ഐടി 1.09 ശതമാനം ഇടിഞ്ഞു.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്. ഇന്ത്യൻ വ്യാപാര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്നാണ് ഇതിലെ സൂചന. എന്നാൽ വിപണി അധികം നേട്ടമില്ലാതെ വ്യാപാരം തുടങ്ങാനും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഐടി ഓഹരികളിൽ ഇന്നും വിൽപന സമ്മർദം തുടർന്നേക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗവും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഏറെക്കാലമായി കാത്തിരിക്കുന്ന റിലയൻസ് ജിയോ പ്ലാറ്റ്ഫോമ്സിന്റെ ഐപിഒ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. ഐപിഒ അപേക്ഷ ഉടൻ സമർപ്പിച്ചേക്കുമെന്നും വിവരം. അങ്ങനെയെങ്കിൽ എൻഎസ്ഇയ്ക്കൊപ്പം ഇന്ത്യൻ വിപണിയിൽ മറ്റൊരു വൻ ഐപിഒ കൂടിയെത്തും.
ഇന്നലെ യുഎസ് സൂചികകൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇക്കൊല്ലം തന്നെ അടിസ്ഥാന പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന ഫെഡ് റിസർവ് ചെയർമാൻ കെവിൻ വാഷിന്റെ പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിപണിയിൽ വലിയ വിൽപന സമ്മർദം നേരിട്ടിരുന്നു. എന്നാൽ ഇന്നലെ കാര്യങ്ങൾ ലാഭത്തിലേക്ക് മാറി. എസ് ആൻഡ് പി 1.08 ശതമാനം ഉയർന്നു. നാസ്ഡാക് സൂചിക 1.91 ശതമാനവും ഡോ സൂചിക 0.14 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്ന് ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ്. എന്നാൽ ദക്ഷിണ കൊറിയൻ കോസ്പി സൂചിക വീണ്ടും റെക്കോർഡിലേക്ക് കുതിച്ചു. സാംസങ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നീ കമ്പനികളുടെ ഓഹരികൾ വൻ നേട്ടത്തിലായതാണ് സൂചികയ്ക്കു കരുത്തായത്. 2.8 ശതമാനം മുന്നേറിയ സൂചിക ഇതാദ്യമായി 9000 എന്ന നാഴികകല്ല് പിന്നിട്ടു. കഴിഞ്ഞ ദിവസം റെക്കോർഡിലെത്തിയ ജപ്പാനിലെ നിക്കെയ് സൂചിക ഇന്നും മുന്നേറ്റത്തിലാണ്.
ഹോർമുസ് കടന്ന് കൂടുതൽ എണ്ണക്കപ്പലുകൾ പുറത്തുവന്നെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്രൂഡോയിൽ വില കൂടുതൽ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 79.35 ഡോളറിലാണ്. ഡബ്ല്യുടിഐ 75.45 ഡോളറിലും മർബൻ 73.93 ഡോളറിലുമെത്തി. സമീപ വർഷങ്ങളിൽ ക്രൂഡോയിൽ വിലയിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടായ ആഴ്ചയായിരിക്കുമിത്. ഏതാണ്ട് 9 ശതമാനമാണ് ഈ ആഴ്ച വില ഇടിഞ്ഞത്.
ലോക എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് വഴി കപ്പൽ നീക്കം സജീവമായതും എണ്ണക്കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞതുമാണ് വില കുറയാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കാൻ ഇറാനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ കൂടുതൽ ക്രൂഡോയിൽ എത്തുമെന്നാണ് കരുതുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
