കരാർ വ്യവസ്ഥകൾ ഇഷ്ടമായില്ലെങ്കിൽ ഇറാനിൽ ബോംബിടും: മുന്നറിയിപ്പുമായി ട്രംപ്

News Desk
2 Min Read

പാരിസ്: ഇറാനുമായുള്ള, മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

കരാറിലെ വ്യവസ്ഥകൾ തനിക്ക് പൂർണമായി ബോധ്യപ്പെട്ടില്ലെങ്കിൽ ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങൾ യുഎസ് പുനരാരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയോടൊപ്പം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

യുഎസും ഇറാനും തമ്മിലുള്ള നിലവിലെ ധാരണകൾ അന്തിമമല്ലെന്ന് ട്രംപ് ഓർമിപ്പിച്ചു. ‘‘ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്ക് ഇതിലെ വ്യവസ്ഥകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഞങ്ങൾ പഴയതുപോലെ അവർക്ക് നേരെ വെടിയുതിർക്കാനും അവരുടെ തലയ്ക്ക് മുകളിൽ ബോംബുകൾ വർഷിക്കാനും മടിക്കില്ല’’ – ട്രംപ് പറഞ്ഞു.

ഇറാൻ കൃത്യമായ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ‘‘എനിക്ക് ഈ കരാർ തൃപ്തികരമല്ലെങ്കിലോ, അവർ ശരിയായ രീതിയിലല്ല പെരുമാറുന്നതെങ്കിലോ, അവരുടെ തലയിൽ ഞങ്ങൾ വീണ്ടും ബോംബുകൾ വലിച്ചെറിയും’’– ട്രംപ് കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് ട്രംപിന്റെ പ്രസ്താവന വലിയ തിരിച്ചടിയായേക്കുമെന്നാണ് സൂചന. ധാരണാപത്രത്തിന്റെ ഭാവി പൂർണമായും അനിശ്ചിതത്വത്തിലാക്കിയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

അതിനിടെ, യുഎസ് – ഇറാൻ കരാറിന്റെ ഭാഗമായി, ഇറാനിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ (ഏകദേശം 25 ലക്ഷം കോടി രൂപ) കൂറ്റൻ സ്വകാര്യ ഫണ്ട് സ്വരൂപീകരിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. തുകയുടെ പകുതിയിലധികം ഇതിനകം വിവിധ ആഗോള കമ്പനികൾ വാഗ്ദാനം ചെയ്തുകഴിഞ്ഞതായി കരാറുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. വരുന്ന വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അന്തിമ സമാധാന കരാറിലെത്താൻ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായ ഒരു പ്രോത്സാഹനം നൽകുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.

യുദ്ധക്കെടുതികൾക്കുള്ള നഷ്ടപരിഹാരമോ പുനർനിർമാണത്തിനുള്ള സർക്കാർ ഗ്രാന്റോ അല്ല പദ്ധതി. മറിച്ച് ഇത് പൂർണമായും ഒരു സ്വകാര്യ നിക്ഷേപ സംവിധാനമാണ്. യുഎസ്, ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ പദ്ധതിയിൽ പങ്കാളികളാകും.

ഊർജം, ലോജിസ്റ്റിക്സ്, നിർമാണം, ഗതാഗതം എന്നീ മേഖലകളിലാണ് നിക്ഷേപം വരുന്നത്. യുദ്ധത്തിൽ തകർന്ന മൊബാറകെ സ്റ്റീൽ കോംപ്ലക്സ്, റിഫൈനറികൾ, വിമാനത്താവളങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി വായ്പകൾ ഉറപ്പാക്കിയും ക്രെഡിറ്റ് ലൈനുകൾ സ്ഥാപിച്ചും പ്രാദേശിക രാജ്യങ്ങളും ഇതിൽ പങ്കാളികളാകും. ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ ഇതിനകം നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചത്. വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്ന ധാരണാപത്രം അടുത്ത 60 ദിവസത്തേക്കുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള ചട്ടക്കൂട് മാത്രമാണ്. അന്തിമ കരാർ ഒപ്പിട്ടതിനു ശേഷം മാത്രമേ ഫണ്ട് ഔദ്യോഗികമായി നിലവിൽ വരികയും പ്രവർത്തനക്ഷമമാവുകയും ചെയ്യൂ. ഈ 60 ദിവസത്തിനുള്ളിൽ ഫണ്ട് അഡ്മിനിസ്ട്രേറ്റർമാർ ഇറാനിയൻ അധികൃതരുമായും നിക്ഷേപകരുമായും ചേർന്ന് പദ്ധതികളുടെ രൂപരേഖ തയാറാക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article