ഇറാനെതിരെ ശക്തമായ ആക്രമണവുമായി അമേരിക്ക; മേഖലയിൽ വീണ്ടും യുദ്ധഭീതി

malayalampress
1 Min Read

വാഷിങ്ടൺ / തെഹ്റാൻ: ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ മിസൈൽ ആക്രമണ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യു.എസ്. സൈന്യം ശക്തമായ ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞിരുന്നെങ്കിലും, പുതിയ സൈനിക നടപടി യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിയന്ത്രണത്തിലുള്ള നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടത്:

  • സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ നിർമ്മാണ-വിന്യാസ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ, നാവികസേനയുമായി ബന്ധപ്പെട്ട താവളങ്ങൾ എന്നിവ ആക്രമണം നേരിട്ടവയിൽ ഉൾപ്പെടും.

മേഖലയിലെ അമേരിക്കൻ സേനയ്ക്കും അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും ഗൾഫ് രാജ്യങ്ങൾക്കും എതിരെയുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മേഖലയിൽ വിന്യസിച്ചിട്ടുള്ള 50,000-ത്തിലധികം അമേരിക്കൻ സൈനികർ അതീവ ജാഗ്രതയിലാണെന്നും യു.എസ്. അറിയിച്ചു.

ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഫാർസ് പ്രവിശ്യയിലെ ഖാസറൂൺ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും ഖിശം ദ്വീപുമാണ് ആക്രമണത്തിന് ഇരയായത്. ഖിശം ദ്വീപിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും വിമാനത്താവള, ഫെറി സർവീസുകളെ ഇത് ബാധിച്ചിട്ടില്ല

ഇറാഖിലെ ഇറാൻ അനുകൂല അർധസൈനിക വിഭാഗങ്ങൾക്കെതിരെ അമേരിക്കയും സഊദി അറേബ്യയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ 20-ലധികം സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ‘പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്’ (PMF) അറിയിച്ചു. ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ പ്രതികരിച്ചു.

പുതിയ സാമ്പത്തിക ഉപരോധങ്ങൾ

അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക പുതിയ ഉപരോധങ്ങൾ കൂടി പ്രഖ്യാപിച്ചു.ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് നിർബന്ധിത ഫീസ് ഈടാക്കാൻ ശ്രമിച്ച IRGC-യുമായി ബന്ധപ്പെട്ട രണ്ട് സ്ഥാപനങ്ങൾക്കെതിരെയാണ് ഉപരോധം.

ഇറാന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം മൂന്നക്ക നിരക്കിലെത്തിയെന്നും യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ആഗോള വാണിജ്യത്തെ ബന്ദിയാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article