ഗുണ: ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് അവശനാക്കി, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനിയായ യുവതി ജാർഖണ്ഡിലാണ് ജോലി ചെയ്യുന്നത്. പ്രതിശ്രുതവരനെ കാണാനാണ് ഇവർ ഗുണയിലെത്തിയത്.
വ്യാഴാഴ്ച രാത്രി ഇരുവരും ബൈക്കിൽ ക്ഷേത്രത്തിൽ പോയി മടങ്ങിവരവേ ഒരുസംഘം ആളുകൾ തടഞ്ഞു. തങ്ങളുടെ വാഹനം പഞ്ചറായി, സഹായിക്കണമെന്നാണ് അവർ പറഞ്ഞത്. യുവതിയും യുവാവും ബൈക്കിൽ നിന്നിറങ്ങി. പെട്ടെന്ന് പ്രതികൾ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. പിന്നാലെ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിക്കുകയും മരക്കഷ്ണം കയറ്റാൻ ശ്രമിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ പ്രതികൾ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധന നടത്തി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
