ചണ്ഡീഗഡ്: പ്രണയബന്ധത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ മുൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ഹർജീന്ദർ സിങ് എന്നയാളാണ് പിടിയിലായത്.
കോർപറേറ്റ് കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഡിംപിൾ (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം കത്തി ഉപയോഗിച്ച് സ്വന്തം കഴുത്ത് അറുത്ത ഹർജീന്ദറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരുക്ക് ഭേദമായതോടെ വിചാരണക്കോടയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ജൂൺ 4 നാണ് ഹർജീന്ദർ മുൻ പങ്കാളിയായ ഡിംപിളിനെ ജോലി സ്ഥലത്തെത്തി അതിക്രൂരമായി കൊല ചെയ്തത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറിയ വൈരാഗ്യത്തിൽ ഇയാൾ യുവതിയെ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ എതിർത്ത ഡിംപിളിനെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഇയാൾ പിന്തുടർന്നെത്തി തുടരെ കുത്തി വീഴ്ത്തി. ഡിംപിൾ മരിച്ചെന്ന് കരുതിയ ഹർജീന്ദർ, സ്വന്തം തൊണ്ടയിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോൾ ഡിംപിളിന് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. ഗുരുതര പരുക്കേറ്റ ഹർജീന്ദറിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കാനായി. അപകടനില തരണം ചെയ്തതോടെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
അതിനിടെ, ഡിംപിളിന്റെ മരണത്തിൽ കോർപറേറ്റ് കമ്പനിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. സുരക്ഷാ ചെക്ക്പോസ്റ്റുകൾ, ബാഗ് സ്ക്രീനിങ്, പ്രവേശന നിയന്ത്രണങ്ങൾ എന്നിവയുടെ പൂർണമായ അഭാവം കൊണ്ടാണ് ഒരു അക്രമി സ്വതന്ത്രമായി അകത്ത് പ്രവേശിക്കാൻ കാരണമായതെന്ന് ജീവനക്കാർ ആരോപിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
