ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അടിമുടി മാറ്റം വരുത്താൻ വിജയ് സർക്കാർ ആലോചന തുടങ്ങി. ആഴ്ചയിൽ ഒരു ദിവസം ചിക്കൻ ബിരിയാണി ഉൾപ്പെടെ നൽകാനാണ് ആലോചന. ബജറ്റിനു മുന്നോടിയായി ചൊവ്വാഴ്ച നടന്ന കൂടിയാലോചനയിലാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പരിഷ്കരിക്കാൻ തീരുമാനമായത്. ബിരിയാണി ഉൾപ്പെടെ മെനുവിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി വിജയുമായി സംസാരിക്കുമെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ പറഞ്ഞു.
നിലവിൽ സ്കൂളിൽ വിളമ്പുന്ന ആഹാരത്തിന്റെ ഗുണമേന്മ വർധിപ്പിക്കുവാനും ചർച്ചയിൽ തീരുമാനമായി. അധ്യാപകരുടെ പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി. ഉച്ചഭക്ഷണത്തിനുള്ള അരിയുടെ ഗുണമേന്മ മെച്ചപ്പെടുത്താനും കൂടുതൽ പോഷകാഹാരം മെനുവിൽ ഉൾപ്പെടുത്താനും ധാരണയായി.
ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി വിദ്യാർഥികൾക്കു നൽകണമെന്ന ആവശ്യം അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് ആവശ്യപ്പെട്ടത്. സ്കൂളിലെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും 12-ാം ക്ലാസ് വരെ പഠിക്കുന്നവർക്ക് നൽകണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. നിലവിൽ 10-ാം ക്ലാസ് വരെയുള്ളവർക്കാണ് പ്രഭാത ഭക്ഷണം തമിഴ്നാട്ടിൽ സ്കൂളുകളിൽ വിളമ്പുന്നത്.
ഓഗസ്റ്റ് 5 നാണ് വിജയ് സർക്കാർ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏതൊക്കെ ഈ ബജറ്റിൽ പ്രഖ്യാപിക്കും എന്ന ആകാംക്ഷയിലാണ് തമിഴ്നാട്ടുകാർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
