ന്യൂഡൽഹി: ഫ്ലാറ്റിൽ കോളജ് അധ്യാപിക ദേബസ്മിത പോള് (49) കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപരിചയമുള്ള ആളുകളായതിനാൽ രാംപ്രസാദ് ദാസ്–ബൻശ്രീ ദാസ് ദമ്പതികളെ ദേബസ്മിത വിശേഷങ്ങൾ ചോദിച്ചുകൊണ്ടാണ് ഫ്ലാറ്റിലേക്കു കയറ്റിയതെന്നും കുടിക്കാൻ വെള്ളം എടുക്കാമെന്നു പറഞ്ഞ് അകത്തേക്കു പോയി എന്നും പൊലീസ് പറഞ്ഞു. പിന്നാലെയാണ് ദമ്പതികൾ ക്രൂരമായ കൊലപാതകം നടത്തിയത്.
ദേബസ്മിതയെ ആദ്യം തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ ബാഗിൽ കരുതിയിരുന്ന റേസർ ഉപയോഗിച്ച് കൈ ഞരമ്പുകൾ മുറിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ദമ്പതികൾ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ബംഗാളിൽനിന്ന് 1400 കിലോമീറ്റർ സഞ്ചരിച്ചെത്തി കൊല നടത്തിയതെന്നും സംശയം തോന്നാതിരിക്കാൻ തങ്ങളുടെ ചെറിയ കുട്ടിയെയും കൂട്ടിയാണ് അധ്യാപികയുടെ ഫ്ലാറ്റിലെത്തിയതെന്നും ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് ബംഗാളിലെ ബർധമാനിൽനിന്ന് കൊലയാളി ദമ്പതികളായ രാംപ്രസാദ് ദാസും ബൻശ്രീ ദാസും പിടിയിലായത്.
ദേബസ്മിതയ്ക്ക് പാരമ്പര്യമായി ലഭിച്ച കോടികൾ വിലമതിക്കുന്ന ഒരു വീട് ബംഗാളിലുണ്ട്. അവിടെ ഏറെക്കാലമായി വാടകയ്ക്കു താമസിക്കുകയാണ് രാംപ്രസാദും ബൻശ്രീയും. വീടു സ്വന്തമാക്കാൻ അവർ ശ്രമിച്ചെങ്കിലും ദേബസ്മിത അവരോട് താമസം മാറണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് അവരെ കൊലപ്പെടുത്തി വീട് കൈക്കലാക്കാൻ പ്രതികൾ തീരുമാനിച്ചത്. അതിനായി ബംഗാളിൽനിന്നു ഡൽഹിയിലെത്തി. സൗഹൃദസന്ദർശനത്തിന് എന്ന മട്ടിൽ ദേബസ്മിതയുടെ ഫ്ലാറ്റിലെത്തി, കയ്യിൽ കരുതിയ ആയുധം കൊണ്ട് അവരെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
