റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ ടൈപ് ചെയ്ത് 19 കാരി. ഛത്തീസ്ഗഡിലാണ് 19 കാരിയായ രാധിക രാജ്വാഡെയെ കാമുകൻ റിതേഷ്(23) കഴുത്തിൽ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയത്. സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്‌റു പാർക്കിൽ വച്ച് ഞായറാഴ്ച രാത്രി 8 നായിരുന്നു ആക്രമണം. ആക്രമണത്തിനു ഇരയായ പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
പാർക്കിൽ മറ്റൊരു പുരുഷനുമായി രാധിക സംസാരിക്കുന്നത് കണ്ടതോടെയാണ് പ്രതി കത്തികൊണ്ട് യുവതിയെ കുത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാധികയെ നാട്ടുകാരാണ് തൊട്ടടുത്ത ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്നും അംബികാപുർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാധിക മരിച്ചു.
ജില്ലാ ആശുപത്രിയിൽ രാധികയെ എത്തിച്ചപ്പോൾ പൊലീസ് മരണമൊഴി എടുക്കാൻ ശ്രമം നടത്തി. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റതിനാൽ സംസാരിക്കാൻ കഴിയാതിരുന്ന രാധിക പൊലീസ് നൽകിയ മൊബൈലിൽ അക്രമിയുടെ പേര് ടൈപ് ചെയ്തു നൽകി. തുടർന്ന് പൊലീസ് പാർക്കിലെ ക്യാമറകൾ പരിശോധിച്ചപ്പോൾ റിതേഷിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ വനത്തിൽനിന്നും പ്രതിയെ കണ്ടെത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
