വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു, കാമുകിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച് കാമുകൻ

News Desk
1 Min Read

പട്ന: ബിഹാറിലെ നളന്ദ ജില്ലയിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട കാമുകിയെ ബൈക്കിൽ റോഡിലൂടെ നൂറിലധികം മീറ്ററോളം വലിച്ചിഴച്ച് യുവാവ്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.  

സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന യുവാവും യുവതിയും കഴിഞ്ഞ അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ കാണാൻ എത്തിയതായിരുന്നു യുവാവ്. ഇതിനിടയിൽ ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടയിൽ യുവതി എത്രയും പെട്ടെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവ് ഇത് ശക്തമായി എതിർത്തു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും വലിയ തർക്കവുമുണ്ടായി.  
തർക്കം രൂക്ഷമായതോടെ യുവാവ് ബൈക്കിൽ കയറി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ യുവാവിനെ പോകാൻ അനുവദിക്കാതെ യുവതി ബൈക്കിന്റെ പിന്നിൽ പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് നിർത്താൻ കൂട്ടാക്കാതെ യുവാവ് വാഹനം മുന്നോട്ട് എടുത്തതോടെ യുവതി റോഡിലൂടെ വലിച്ചിഴക്കപ്പെടുകയായിരുന്നു.  

ഏകദേശം നൂറിലധികം മീറ്റർ ദൂരമാണ് യുവതിയെ റോഡിലൂടെ ബൈക്കിൽ വലിച്ചിഴച്ചുകൊണ്ടുപോയത്. ഇതിനിടയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ ഭീകരമായ കാഴ്ച കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ബൈക്കോടിച്ചിരുന്ന യുവാവിനെ പിടികൂടുകയും കൈകാര്യം ചെയ്യുകയും ചെയ്തു.  

നാട്ടുകാരുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ തങ്ങൾ ദമ്പതികളാണെന്നും ഇത് കുടുംബവഴക്കാണെന്നുമാണ് യുവാവ് ആദ്യം കള്ളം പറഞ്ഞത്. എന്നാൽ പിന്നീട് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും കമിതാക്കളാണെന്നും, യുവാവ് സർക്കാർ ജീവനക്കാരനാണെന്നും വ്യക്തമായത്. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article