കൊച്ചി: കെ.സി. വേണുഗോപാലിനെ മലർത്തിയടിച്ച് വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി മാറുമ്പോൾ അത് 35 വർഷത്തിന് ശേഷമുള്ള വി.ഡിയുടെ മധുരപ്രതികാരം കൂടിയായി മാറുകയാണ്. എറണാകുളത്ത് നിന്നൊരു മുഖ്യമന്ത്രി വരുമ്പോൾ സതീശൻ്റെ നാടായ നെട്ടൂരും, മണ്ഡലമായ പറവൂരും, എറണാകുളം ഡിസിസി പ്രവർത്തകരുമൊക്കെ വലിയ ആവേശത്തിലാണ്.
എന്നാൽ ഈ റിവഞ്ച് സ്റ്റോറിയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് 35 വർഷം മുമ്പാണ്… ‘വി.ഡി. സതീശൻ്റെ ജീവിതവും രാഷ്ട്രീയവും’ എന്ന ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ്, വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥി രാഷ്ട്രീയത്തിൽ വച്ച് കെ.സി. വേണുഗോപാലുമായി മുഖാമുഖം വന്ന സന്ദർഭം സതീശൻ ഓർത്തെടുക്കുന്നത്. കെഎസ്‌യു നേതാവായിരിക്കെ നേരിട്ട അന്നത്തെ ആ സംഭവം തന്നെ വല്ലാത്ത വിഷമിപ്പിച്ചെന്നും പുസ്തകത്തിൽ സതീശൻ പറയുന്നുണ്ട്.
കേരളം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം, ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കും: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
‘മാറിപ്പോകുന്ന കെഎസ്‌യു പ്രസിഡൻ്റ് സ്ഥാനം’
“ഞാൻ മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ ചെയർമാനായതിന് ശേഷം കെഎസ്‌യുവിൽ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നതോർക്കുന്നു. വർഷം 1989 ആണെന്നാണ് എൻ്റെ ഓർമ. ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഞാനായിരുന്നു കെഎസ്‌യു പ്രസിഡൻ്റ് സ്ഥാനാർഥി. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ ആ വർഷം തെരഞ്ഞെടുപ്പ് നടന്നില്ല. എൻ്റെ ദൗർഭാഗ്യം എന്നു പറഞ്ഞാൽ മതിയല്ലോ.
പിന്നെ കെ.സി വേണുഗോപാൽ വിദ്യാർഥിയായി തിരുവനന്തപുരത്തേക്ക് വന്നു. അദ്ദേഹം എന്നേക്കാൾ സീനിയറായിരുന്നു. മാത്രമല്ല മുൻപ് കെഎസ്‌യു വൈസ് പ്രസിഡൻ്റും ആയിരുന്നു ശരത്ചന്ദ്ര പ്രസാദിൻ്റെയൊക്കെ കമ്മിറ്റിയിൽ… പിന്നീടുള്ള സമയം കെഎസ്‌യു തെരഞ്ഞെടുപ്പ് വന്നപ്പോൾ ഞാനില്ല… ! കെ.സി. വേണുഗോപാൽ കെഎസ്‌യുവിൻ്റെ പ്രസിഡൻ്റായി. മുതിർന്ന നേതാക്കളൊക്കെ എന്നോട് പറഞ്ഞത്, കമ്മിറ്റിയിൽ ഭാരവാഹിയായിരിക്ക്, അടുത്ത അവസരത്തിൽ ആകാമെന്നാണ്…! സമാശ്വസിപ്പിക്കാനുള്ള ഒരു വാചകമായി മാത്രമേ അന്ന് ആ സംസാരത്തെ എനിക്ക് കണക്കാക്കാൻ കഴിയുമായിരുന്നുള്ളൂ.
അന്നത്തെ ആദ്യത്തെ ഓർഗനൈസിങ് കമ്മിറ്റിയിൽ ഞാനുണ്ടായിരുന്നു. യഥാർഥത്തിൽ, ആറ് മാസം ഭാരവാഹി ലിസ്റ്റിൽ ഞാനുണ്ടായിരുന്നു. ഞാനും ഭാരവാഹിയാകും എന്നു തന്നെയായിരുന്നു മൊത്തത്തിലുണ്ടായ പ്രചാരണം. എന്നാൽ, അവസാനത്തെ പ്രഖ്യാപനം വന്നപ്പോൾ ഞാൻ ഞെട്ടി. എൻ്റെ പേര് വെട്ടിമാറ്റിയിരിക്കുന്നു… ! സംഘടനയ്ക്ക് അകത്തുണ്ടായ ചർച്ചകളായിരിക്കാം കാരണം. എന്തായാലും, അതേപ്പറ്റി പരിതപിക്കുക അല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല. പിന്നെ എന്നെ എക്സിക്യൂട്ടീവ് മെമ്പർ ആക്കി. അത് എനിക്ക് വല്ലാത്ത വിഷമം സമ്മാനിച്ച ഒന്നായിരുന്നു. ആ ഓർമ ഒരിക്കലും ഞാൻ മറക്കുകയുമില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
