ഹോർമുസ് കടലിടുക്ക് ഇറാന്റേത്; അത് അങ്ങനെ തന്നെ തുടരും; ട്രംപിന് ശക്തമായ മറുപടി നൽകി ഇറാൻ

News Desk
2 Min Read

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ശക്തമായി തുടരുന്നതിനിടെ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് (Strait of Hormuz) യു എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാന്റേതാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തങ്ങളുടെ കമാൻഡിന് കീഴിൽ മാത്രമേ അടയ്ക്കാനും തുറക്കാനും സാധിക്കുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് ഇറാന്റെ പ്രതികരണം. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റോ എയർക്രാഫ്റ്റ് കരിയറോ ഉത്തരവുകളോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളോ വഴി ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഗരീബാബാദി കുറിച്ചു. ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് യു എസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ്.

ന്യൂയോർക്കിലെ ഒരു പോലീസിങ് അക്കാഡമിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ട്രംപ് ഇത് തമാശയായി പറഞ്ഞതാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

മുമ്പ് ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നാവിക ഉപരോധത്തെ സ്റ്റീൽ മതിൽ എന്നാണ് എല്ലാവരും വിളിക്കുന്നതെന്നും ഇറാന് ഇതിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്നും തന്ത്രപ്രധാനമായ ഈ ജലപാത പൂർണ്ണമായും ഇറാന്റെ സൈനിക നിയന്ത്രണത്തിലാണെന്നും ഇറാന്റെ ഖാതം അൽ അൻബിയ കേന്ദ്ര സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാഖാരി പറഞ്ഞു. ഇറാൻ സായുധ സേനയുടെ മേൽനോട്ടവും അനുമതിയും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനും ടാങ്കറുകൾക്കും ഇതിലൂടെ സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചത്. പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മേഖലയിലെ അമേരിക്കൻ, ഇസ്രായേൽ ലക്ഷ്യങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങുകയായിരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article