ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് സഖ്യകക്ഷികളെ പിന്തിരിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതിന്റെ ഭാഗമായി ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിനുമായും എൻസിപി (എസ്പി വിഭാഗം) അദ്ധ്യക്ഷൻ ശരദ് പവാറുമായും ഖാർഗെ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈയിൽ എം കെ സ്റ്റാലിനെയും രാത്രി എട്ട് മണിക്ക് മുംബയിൽ ശരദ് പവാറിനെയും ഖാർഗെ കാണും. കേന്ദ്ര ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഇരുപാർട്ടികളും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നിർണായക ഇടപെടൽ.
1971ലെ സെൻസസ് അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും ലോക്സഭയിലെ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്നും കേന്ദ്രം എഴുതി നൽകിയതോടെയാണ് ഡിഎംകെ നിലപാട് മാറ്റിയത്. ഏപ്രിലിൽ അവതരിപ്പിച്ച ആദ്യ ബില്ലിനെതിരെ കരിങ്കൊടി ഉയർത്തിയും ബിൽ കത്തിച്ചും പ്രതിഷേധിച്ച സ്റ്റാലിൻ, പുതിയ ഭേദഗതി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിജയമാണെന്നാണ് ഇന്നലെ വിശേഷിപ്പിച്ചത്. 2024 മുതൽ ഡിഎംകെ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണെന്നും എല്ലാ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും വിജയമാണിതെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം അന്തിമമാണെന്നാണ് എൻസിപി (എസ്പി) വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ 320 എംപിമാരുടെ പിന്തുണയുള്ള എൻഡിഎയ്ക്ക് ഡിഎംകെയുടെ 22 എംപിമാരുടെയും എൻസിപിയുടെ എട്ട് എംപിമാരുടെയും പിന്തുണ കൂടി ലഭിക്കുന്നതോടെ ലോക്സഭയിൽ ബില്ലിനെ അനുകൂലിക്കുന്നവരുടെ എണ്ണം 350 ആയി ഉയരും. ഇതിനിടെ, സമാജ്വാദി പാർട്ടി തങ്ങളുടെ ലോക്സഭാ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
