ചെക്കപ്പിന് പോയ സുധാകരൻ ദുബായ് ആശുപത്രിയിലെ ഐസിയുവിൽ; അമിത് ഷായുടെ ഇടപെടലെന്ന് ആരോപിച്ച് കുടുംബം

News Desk
1 Min Read

ദുബായ്: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകൻ സൻജോഗ് സുധാകരൻ. ദുബായിൽ ചികിത്സയിലുള്ള അച്ഛനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും സൻജോഗ് പറഞ്ഞു.

മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ നാളെ അവതരിപ്പിക്കുന്നതിനെ തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് കഴിഞ്ഞദിവസം സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

ഇന്നലെ വൈകിട്ടാണ് ചെക്കപ്പിനായി സുധാകരൻ ആശുപത്രിയിലെത്തിയത്. എന്നാൽ, നിലവിൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. അസുഖം എന്താണെന്ന് പോലും ആശുപത്രിയുടെ ഭാഗത്ത് നിന്നും വ്യക്തത തരുന്നില്ലെന്നും ഇൻഫെക്ഷൻ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞെന്നുമാണ് സൻജോഗ് വ്യക്തമാക്കിയത്. ആശുപത്രിയിലുണ്ടോ എന്ന കാര്യത്തിൽ പോലും ആദ്യം സംശയം തോന്നിയെന്ന് സുധാകരന്റെ മരുമകൻ അജിത് കുമാറും മാദ്ധ്യമങ്ങളോട് പറഞ്ഞു.

ദുരൂഹത നിറഞ്ഞ രീതിയിലാണ് ഡോക്‌ടർ സംസാരിച്ചതെന്ന് സൻജോഗ് പറഞ്ഞു. ആരെയും കാണിക്കേണ്ടെന്നാണ് ബോസ് പറഞ്ഞതെന്ന് പറഞ്ഞു. ബോസ് ആരാണെന്ന് ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്നാണ് പറഞ്ഞത്. എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന് ചോദിച്ചപ്പോൾ, പലയാളുകളും വിളിച്ചെന്ന് ഡോക്‌ടർ തിരുത്തിയെന്നും സൻജോഗ് ആരോപിച്ചു. ഇന്നലെ രാത്രിവരെ സുധാകരനെ ബന്ധുക്കൾ കണ്ടിരുന്നു. ഇന്ന് നാട്ടിലേക്ക് സുധാകരനെ കൊണ്ടുപോകാനിരിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!