ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ‘മെന്‍റർ’ (ഉപദേഷ്ടാവ്) റോളിലേക്ക് ധോണി മാറും. 2008-ൽ ആരംഭിച്ച ഐപിഎല്ലിലെ കളിക്കാരനും ഒരു ടീമും തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു ധോണി. അന്ന് അതൊരു പരീക്ഷണമായാണ് പലരും കണ്ടതെങ്കിലും, പിന്നീട് അഞ്ച് ഐപിഎൽ കിരീടങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക ബ്രാൻഡുകളിൽ ഒന്നുമായി ചെന്നൈയെ മാറ്റിയെടുക്കാൻ ധോണിക്ക് സാധിച്ചു.
ചെന്നൈയുടെ സ്വന്തം ‘തല’
2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ധോണി, മുംബൈ ഇന്ത്യൻസിനൊപ്പം ലീഗിലെ ഏറ്റവും വിജയകരമായ ടീമായി ചെന്നൈയെ മാറ്റി. ഇതിനുപുറമെ 2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിക്ക് കീഴിൽ ചെന്നൈ സ്വന്തമാക്കി. കളിച്ച സീസണുകളിലെല്ലാം കിരീടപ്പോരാട്ടത്തിലുണ്ടായിരുന്ന സിഎസ്കെയെ 10 ഐപിഎൽ ഫൈനലുകളിലേക്കാണ് ‘ക്യാപ്റ്റൻ കൂൾ’ നയിച്ചത്.
2016, 2017 സീസണുകളിൽ ചെന്നൈയ്ക്ക് വിലക്ക് നേരിട്ടപ്പോൾ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച ധോണി, 2018-ൽ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തി. തിരിച്ചുവരവ് സീസണിൽ തന്നെ ടീമിനെ കിരീടമണിയിച്ചുകൊണ്ട് ധോണി ചെന്നൈയുടെ സുവർണ്ണകാലത്തിന് വീണ്ടും തുടക്കമിട്ടു. 2023-ൽ അഹമ്മദാബാദിൽ മഴ തടസ്സപ്പെടുത്തിയ ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതായിരുന്നു ധോണിയുടെ അവസാന കിരീടനേട്ടം. അവസാന പന്തിൽ രവീന്ദ്ര ജഡേജ നേടിയ ബൗണ്ടറിയിലൂടെ അഞ്ചാം കിരീടം ഉറപ്പിച്ചപ്പോൾ ജഡേജയെ എടുത്തുയർത്തി ആഘോഷിച്ച ധോണിയുടെ ചിത്രം ആരാധകരുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്.
2023-ലെ കിരീടനേട്ടത്തിന് ശേഷം കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ധോണി 2024 സീസണിലും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. കരിയറിന്റെ അവസാന ഘട്ടത്തിൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിക്കുന്ന ‘ഫിനിഷർ’ റോളിലേക്കായിരുന്നു ധോണിയുടെ മാറ്റം. 2023-ൽ 182-ലധികം സ്ട്രൈക്ക് റേറ്റിൽ 104 റൺസ് നേടിയ അദ്ദേഹം, 2024-ൽ 11 ഇന്നിംഗ്സുകളിൽ നിന്ന് 220.54 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 161 റൺസ് അടിച്ചുകൂട്ടി.
2025 സീസണിൽ 14 മത്സരങ്ങളിലും കളിച്ച ധോണി 196 റൺസ് നേടി. കൈമുട്ടിനേറ്റ പരിക്കുമൂലം ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെ ആ സീസണിൽ ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. എന്നാൽ സ്ഥിരതയ്ക്ക് പേരുകേട്ട ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായാണ് ആ സീസൺ അവസാനിപ്പിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
