ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യം വര്‍ധിച്ചു: അബ്ദുറഹ്മാന്‍ കല്ലായി

മുഹമ്മദ്‌ കല്ലിങ്ങൽ
3 Min Read

റിയാദ്: ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മാത്രമല്ല, ‘ഇൻഡ്യ’ സഖ്യത്തിന്റെ നിര്‍ണ്ണായക തീരുമാനങ്ങളിലും ലീഗിന്റെ അഭിപ്രായത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്മായിരുന്ന ഇ. അഹമ്മദിന്റെ ദേശീയ തലത്തിലെ പ്രവര്‍ത്തനവും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന്റെ യശസ്സ് ഉയര്‍ത്താന്‍ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഡി പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ‘സ്വത്വം, പൈതൃകം, രാഷ്ട്രീയം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം ‘അഭിമാനകരമായ അസ്തിത്വം’ എന്ന ആശയം ഉയർത്തിപ്പിടിച്ച്
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉണ്ടാക്കിയത് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ ദര്‍ശനം ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദര്‍ശവും ഉള്‍ക്കൊണ്ട് പ്രവർത്തിക്കുന്ന നേതാവാണ് നിലവിലെ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ എന്നിവയിലൂടെയാണ് പാര്‍ട്ടി വളര്‍ന്ന് പന്തലിച്ചത്. ജന സേവനം ജീവിത ദൗത്യമായി സ്വീകരിച്ച അവര്‍ക്കൊപ്പം മുസ്ലിം സമൂഹം ഐക്യത്തോടെ മുന്നോട്ടു പോയി. ഹൈദരാബാദ് ആക്ഷന്റെ ഭാഗമായി പാണക്കാട് പൂക്കോയ തങ്ങളെ ജയിലില്‍ അടച്ചത് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു. പൂക്കോയ തങ്ങളുടെ ശേഷം നേതൃസ്ഥാനം ഏറ്റെടുത്ത മകന്‍ ശിഹാബ് തങ്ങള്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു. ശത്രുവിനെ പോലും മിത്രമാക്കിയ ശിഹാബ് തങ്ങള്‍ വര്‍ഗീയ – തീവ്രവാദ സംഘടനകള്‍ ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ശിഹാബ് തങ്ങള്‍ക്ക് ശേഷം നേതൃത്വം ഏറ്റെടുത്ത ഹൈദരലി തങ്ങള്‍ പ്രമുഖ മത സംഘടനയായ സമസ്തയുടെയും നേതാവായിരുന്നു. മുന്‍ഗാമികള്‍ കാണിച്ച് തന്ന പാതയിലൂടെ യാണ് ഇപ്പോള്‍ സയ്യിദ് സാദിഖലി തങ്ങളും മുന്നോട്ടു പോകുന്നത്. നാട്ടില്‍ സമുദായ ഐക്യവും മത സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതില്‍ പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പങ്ക് തുല്യതയില്ലാത്ത താണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരള മുസ്ലിം കളുടെ രാഷ്ട്രീയ, വൈജ്ഞാനിക പുരോഗതിയില്‍ ഉലമ – ഉമറാ ബന്ധം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ ബന്ധം തകര്‍ക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത് ഖേദകരമാണ്. സോഷ്യല്‍ മീഡിയ വഴി പാണക്കാട് വിരോധം പ്രചരിപ്പിപ്പിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹചാരികളാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍ കൂടിയാല്‍ അറിവുള്ളവര്‍ പോലും മത വിരുദ്ധമായ കാര്യങ്ങള്‍ പറയും. കെ ടി ജലീല്‍, ടി. കെ ഹംസ എന്നിവര്‍ ഉദാഹരണങ്ങളാണ്. എല്ലാവരും ഐക്യത്തിന്റെ പാതയില്‍ മുന്നോട്ടു പോകണമെന്നും ഭിന്നപ്പും ശത്രുതയും വളര്‍ത്തുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ വഴി അനൈക്യം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവാസികള്‍ വിട്ട് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുവ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ഇന്ന് കേരള മുസ്ലിംകളുടെ വൈജ്ഞാനിക പുരോഗതി പൂര്‍വ്വികരായ മത – രാഷ്ട്രീയ നേതാക്കളുടെ ത്യാഗ പൂര്‍ണമായ പ്രവര്‍ത്തന ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്കോട് ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായി പ്രവാസികള്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, കെ. കെ കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, മുഹമ്മദ്‌ വേങ്ങര, യു. പി മുസ്തഫ, മൊയ്തീൻ കുട്ടി പൊന്മള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള കുട്ടി അഹമ്മദ് കുട്ടി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ അഷ്‌റഫ്‌ വെള്ളേപാടത്തിൽ നിന്നും അബ്ദുറഹ്മാന്‍ കല്ലായി ഏറ്റുവാങ്ങി. നാലര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം പൊന്‍മള കോല്‍ക്കളം സ്വദേശി പി. പി മൊയ്തു ഹാജിക്ക് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം അബ്ദുറഹ്മാന്‍ കല്ലായി സമ്മാനിച്ചു. പരിപാടിയില്‍ സുബൈർ ഹുദവി ഖിറാഅത്ത് നടത്തി. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു. സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, ഷാഫി മാസ്റ്റർ തുവ്വൂർ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി,സിറാജ് മേടപ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article