പതിനായിരത്തോളം വിമാനങ്ങൾ വൈകി, നാലായിരത്തോളം സർവീസുകൾ റദ്ദാക്കി; അമേരിക്കയെ വലച്ച വിമാന വിലക്ക് പിൻവലിച്ചു

News Desk
1 Min Read

വാഷിങ്ടൻ: അമേരിക്കയിലുടനീളം നാല് മണിക്കൂറിലധികം വിമാന സർവീസുകൾ സ്തംഭിപ്പിച്ച രാജ്യവ്യാപകമായ വിമാന വിലക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പിൻവലിച്ചു. നിയന്ത്രണം കാരണം ആയിരക്കണക്കിനു വിമാനങ്ങൾ നിലത്തിറക്കേണ്ടി വരികയും ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്ര തടസപ്പെടുകയും ചെയ്തിരുന്നു.

റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറുകൾ സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങളാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കിയതായി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

നിരവധി എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ആശയവിനിമയ പ്രശ്നം ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും സ്ഥിരീകരിച്ചു. വിലക്ക് പിൻവലിച്ചതോടെ വിമാനത്താവളങ്ങളിൽ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും, നേരത്തെയുണ്ടായ കാലതാമസവും റദ്ദാക്കലുകളും കാരണം വ്യോമഗതാഗതം പൂർണമായും സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും.

ഷിക്കാഗോ ഒ ഹെയർ വിമാനത്താവളത്തിൽ നിന്നാണ് ആദ്യ വിമാനം പറന്നുയർന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലുടനീളം പതിനായിരത്തിലധികം വിമാനങ്ങൾ വൈകുകയും നാലിയിരത്തോളം സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2023 ജനുവരിയിൽ എഫ്എഎയുടെ പ്രധാന കംപ്യൂട്ടർ സംവിധാനം തകരാറിലായതിനുശേഷം രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.

അതിനുമുമ്പ്, 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്കയിൽ ഇത്തരമൊരു നടപടിയുണ്ടായത്. അതേസമയം, സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമങ്ങളോ സൈബർ ആക്രമണങ്ങളോ ഉള്ളതായി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ അറിയിച്ചു. ഇതൊരു സാധാരണ ടെലികമ്യൂണിക്കേഷൻ തകരാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!