രസഗുളയെന്നു പറഞ്ഞ് അയൽവാസി നൽകിയത് ബോംബ്; കഴിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

News Desk
1 Min Read

ഭോപാൽ: രസഗുളയെന്നു പറഞ്ഞ് അയൽവാസി നൽകിയ ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദിൻ‍‍ഡോറി ജില്ലയിലെ പഡാരിയ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്.

രാജേന്ദ്ര സ്വന്തം വീട്ടിൽ ഇരിക്കവേ അയൽവാസിയായ രാം ഭഗത് ബറോട്ടിയ എന്നയാൾ വീട്ടിലെത്തുകയും ഇരുവരും സംസാരിച്ചിരിക്കേ രാം ഭഗത് രസഗുളയെന്നു പറഞ്ഞ് രാജേന്ദ്രയ്ക്ക് ബോംബ് നൽകുകയുമായിരുന്നു.

രാജേന്ദ്ര ഇത് വായിൽവച്ച് കടിച്ചപ്പോഴേക്കും പൊട്ടിത്തെറിക്കുകയായിരുന്നു. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ബോംബാണ് നൽകിയതെന്നും സ്ഫോടനം നടന്നയുടൻ അയൽവാസികളുടെ സഹായത്തോടെ രാജേന്ദ്രയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹത്തിന്റെ ഭാര്യ സുശീല ബായി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രാം ഭഗതിനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രസാദ് നാഗ്പുരെ പറഞ്ഞു. ഇരുട്ടായിരുന്നതിനാൽ രാം ഭഗത് നൽകിയത് രസഗുളയല്ലെന്ന് രാജേന്ദ്രയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഒരു ആൺകുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്നാണ് രാം ഭഗത് പൊലീസിനു നൽകിയിട്ടുള്ള മൊഴി. ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!