- മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്; നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് വിലയിരുത്തി വരുന്നു
റിയാദ്: ഭീകരവാദികളായ ഹൂതി മിലിഷ്യ നജ്റാനിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി ഇന്ന് രാവിലെ (വെള്ളിയാഴ്ച) അറിയിച്ചു.
മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പതിച്ചതായും, നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ നടന്നുവരികയാണെന്നും വക്താവ് വ്യക്തമാക്കി.
ഇതിനു പുറമെ മക്ക മേഖലയിൽ ഒരു ഡ്രോൺ തടയുകയും നശിപ്പിക്കുകയും ചെയ്തതായും മേജർ ജനറൽ അൽ മാലിക്കി അറിയിച്ചു.
നജ്റാൻ മേഖലയിൽ, ഇന്ന് പുലർച്ചെയുംരാവിലെയും (വെള്ളിയാഴ്ച) ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ (National Early Warning Platform) വഴി സിവിൽ ഡിഫൻസ് രണ്ട് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഒഴിഞ്ഞുപോയതായി അവർ അറിയിക്കുകയും ചെയ്തു.
മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത്, തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് നിർമ്മിതികളിൽ നിന്നും അകലം പാലിക്കണമെന്നും, ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും സിവിൽ ഡിഫൻസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നത് സംബന്ധിച്ച വിവരങ്ങളോ, അവ പതിച്ച സ്ഥലങ്ങളുടെ ദൃശ്യങ്ങളോ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
