സഊദി അറേബ്യയിലുള്ള 25-കാരനുമായുള്ള വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് ഹെൽപ്പ് ലൈനിൽ വിളിച്ച് സഹായം തേടി 16-കാരി

malayalampress
1 Min Read

ലഖ്‌നൗ: സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന 25 വയസ്സുകാരനുമായി തന്റെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചതറിഞ്ഞ ബല്ലിയ ജില്ലയിലെ 16 വയസ്സുകാരി, ചൈൽഡ് ഹെൽപ്പ് ലൈനിൽ (1098) വിളിച്ച് സ്വന്തം ബാലവിവാഹം തടഞ്ഞു. ബൈരിയ മേഖലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

താൻ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നും വിവാഹം നടക്കാൻ പോകുകയാണെന്നും അറിയിച്ചുകൊണ്ട് ചൊവ്വാഴ്ച പെൺകുട്ടി ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന്, ജില്ലാ പ്രൊബേഷൻ ഓഫീസർ അമരേന്ദ്ര കുമാർ പൗത്സായൻ, വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും ‘നവ്ഭാരതി നാരി വികാസ് സമിതി’ പ്രതിനിധികളും അടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചു. സുരേമാൻപൂർ പോലീസിന്റെ സഹായത്തോടെ ഈ സംഘം ഗ്രാമത്തിലെത്തി ഇടപെടുകയായിരുന്നു.

കൗൺസിലിംഗിനിടെ, സാമ്പത്തിക ബുദ്ധിമുട്ടുകളും തന്റെ ശാരീരിക വൈകല്യവുമാണ് വിവാഹം നടത്താൻ കാരണമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ അടുത്തുള്ള ഒരു ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. വിവാഹം റദ്ദാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചെങ്കിലും, വിവാഹക്ഷണക്കത്തുകൾ വിതരണം ചെയ്തെന്നും ഇത് സാമൂഹികമായി നാണക്കേടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വരന്റെ വീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു.

ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള നിയമനടപടികളെക്കുറിച്ച് കൗൺസിലിംഗ് നൽകിയതോടെ, ഇരു കുടുംബങ്ങളും വിവാഹം റദ്ദാക്കാൻ സമ്മതിച്ചു. നിയമപരമായ പ്രായമെത്തുന്നതിന് മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്യില്ലെന്ന് ഉറപ്പുനൽകുന്ന രേഖകളിൽ അവർ ഒപ്പുവെക്കുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടിക്ക് തുടർന്നും പഠിക്കാനാണ് ആഗ്രമെന്നും അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!