വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസ്: 30 വർഷത്തെ ഒളിജീവിതത്തിനു ശേഷം പ്രതി പിടിയിൽ

News Desk
1 Min Read

തൃശൂർ: വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 30 വർഷത്തെ അതിവിദഗ്ധ ഒളിജീവിതത്തിനു ശേഷം പിടിയിൽ. 1995ലെ മാർത്ത വധക്കേസിലെ പ്രതിയും പൊലീസ് രേഖകളിലെ രണ്ടാം സുകുമാരക്കുറുപ്പായി നിഴൽജീവിതം നയിക്കുകയും ചെയ്ത ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.

30 വർഷത്തോളമായി കോടതി ലോങ് വാറന്റ് പുറപ്പെടുവിച്ച പ്രതി 15 വർഷം ഉത്തർപ്രദേശിലെ മീററ്റിൽ താമസിച്ച ശേഷം കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ചു കുടുംബസമേതം വ്യാജ വിലാസത്തിൽ ജീവിക്കുകയായിരുന്നു. തനിച്ചു താമസിച്ചിരുന്ന തൃശൂർ കിഴക്കേക്കോട്ട സ്വദേശിനി മാർത്തയെ (65) ആറു പവൻ സ്വർണത്തിനു വേണ്ടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 1995ൽ നടന്ന സംഭവത്തിൽ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും ആയിരുന്നു പ്രതികൾ. ഇരുവർക്കും അന്ന് 18 വയസ്സ്. ഇരുവരെയും പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ മുങ്ങി.

പേരുമാറ്റി പ്രതി മീററ്റിലേക്കു മുങ്ങിയെന്ന നിർണായക ലീഡിൽ നിന്നായിരുന്നു കേസിലെ വഴിത്തിരിവ്. യുപിയിലെത്തി പൊലീസ് നീണ്ട തിരച്ചിൽ നടത്തി. എന്നാൽ, 15 കൊല്ലം മീററ്റിൽ താമസിച്ച ശേഷം ഇയാൾ കൊല്ലത്തെത്തിയെന്നു കണ്ടെത്തിയതോടെ പൊലീസ് അവിടേക്കു തിരിച്ചു. വ്യാജവിലാസത്തിൽ കുണ്ടറയിൽ വെൽഡറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാറിനെ കയ്യോടെ പൊക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!